പോത്തൻകോട്: പണിമൂലയിൽ തെരുവ് നായ അക്രമണത്തിൽ ഏഴോളം പേർക്ക് പരിക്ക്. പണിമൂല ഇടത്തറ വീട്ടിൽ ഭുവനേന്ദ്രൻ നായർ (58), പണിമൂല വൈഷ്ണവത്തിൽ വൈഷ്ണവി (13), തെറ്റിച്ചിറ വിദ്യാഭവനിൽ നാരായണൻ നായർ (57), സുരേഷ് ഭവനിൽ രവീന്ദ്രൻ നായർ (65), കല്ലുവിള ബിന്ദു (45), ബംഗാൾ സ്വദേശി അഭിജിത്ത്, മഠത്തിൽ വീട്ടിൽ മണിയൻ കുട്ടി എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ വലിയകുന്ന് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് അലഞ്ഞുനടന്ന നായയാണ് അക്രമണകാരിയായത്. വഴിയാത്രക്കാരെ കൂടാതെ വളർത്തു മൃഗങ്ങൾക്കും കടിയേറ്റു പണിമൂല, തെറ്റിച്ചിറ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.