തിരുവനന്തപുരം: ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കുന്നതിനു കോർപ്പറേഷൻ നടത്തുന്ന 'നഗരസഭ ജനങ്ങളിലേക്ക്" കാമ്പെയിനിടെ സ്ഥിരം സമിതി അദ്ധ്യക്ഷനുമായി വാക്ക് തർക്കത്തിലേർപ്പെട്ട നേമം സോണൽ ഓഫീസ് സൂപ്രണ്ടിനെ സസ്‌പെൻഡു ചെയ്യാൻ നിർദ്ദേശം. സൂപ്രണ്ട് കെ.എസ്. അൻവർ ഹുസൈനാണ് മരാമത്തു സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ. അനിലിനോടു കയർത്തു സംസാരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അദാലത്തിൽ സമർപ്പിക്കാനുള്ള പരാതിയുമായി ഒരു അപേക്ഷകൻ തലേദിവസം എത്തി. അപേക്ഷ വാങ്ങി സൂക്ഷിച്ച ശേഷം അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എത്തിയപ്പോൾ അപേക്ഷകന് 101–ാം നമ്പർ ടോക്കൺ ആണു നൽകിയത്. ഇക്കാര്യം അപേക്ഷകൻ ഡി.ആർ. അനിലിനോടു പരാതിപ്പെട്ടു. ഇതു ചോദിക്കുന്നതിനിടെയാണ് സൂപ്രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോടു കയർത്തു സംസാരിച്ചത്. തന്നെക്കൊണ്ട് ഇങ്ങിനെയൊക്കെയേ പറ്റൂ എന്നതുൾപ്പെടെ പൂർണമായും നിസഹകരണ സ്വഭാവമുള്ള വാക്കുകളാണ് സൂപ്രണ്ട് ഉപയോഗിച്ചതെങ്കിലും സ്ഥിരം സമിതി അദ്ധ്യക്ഷൻ മറുത്തൊന്നും മിണ്ടിയില്ല. വാക്കു തർക്കം ഏറെ നേരം നീണ്ടു നിന്നെങ്കിലും ആരും കാര്യമായി ഇടപെട്ടില്ല. ഇക്കാര്യം മേയറുടെ ചെവിയിലെത്തിയപ്പോഴാണ് സസ്‌പെൻഷനു ശുപാർശ നൽകിയത്.