
പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, ലക്ഷാർച്ചന എന്നിവയോടെ 10 ദിവസത്തെ മഹോത്സവമായി നടത്തുന്നതിന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് 22 മുതൽ 31 വരെ നടക്കുന്ന വിനായക ചതുർത്ഥി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് എൻ.എസ്.എസ് മുൻ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റും കൃഷ്ണതീരം എം.ഡിയുമായ കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മഹാഗണപതി ഹോമത്തിനും ലക്ഷദീപത്തിനുമുള്ള ആദ്യവിഹിതമായുള്ള തുകയും അദ്ദേഹം ക്ഷേത്രത്തിന് കൈമാറി.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ ലക്ഷ്മി അതിയന്നൂർ, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിത എന്നിവർ സംസാരിച്ചു. ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി റിട്ട.പ്രൊഫ. തുളസീധരൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ. ഹരികുമാർ, ജെ.ബി.അനിൽകുമാർ, വൈ.വിജയൻ, ഓലത്താന്നി അനിൽ, സജി.പി.എസ് എന്നിവർ സംസാരിച്ചു.