
കല്ലമ്പലം: മണമ്പൂർ - ചാത്തൻപാറ റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ടും നടപടിയില്ല. കോടികൾ ചിലവിട്ട് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും കോട്ടറക്കോണം പാലത്തിന്റെ കുറച്ചു ഭാഗം ഒഴിവാക്കിയത് യാത്രാ ദുരിതത്തിനിടയായി. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കും. റോഡ് നവീകരിച്ച സമയത്ത് പാലത്തിലെ ടാർ ഭാഗം പഴയപടി നിലനിറുത്തിയതാണ് ദുരിതത്തിന് കാരണം. നവീകരണ പ്രവർത്തനം പൂർത്തിയായതോടെ പുതിയ ഭാഗം ഉയരുകയും ടാർ ചെയ്യാതെ ഒഴിച്ചിട്ട പാലത്തിന്റെ ഭാഗം താഴ്ന്ന നിലയിലുമായി. അവിടം മുഴുവൻ കുഴികൾ രൂപപ്പെട്ടു. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പാലത്തിലെ കുഴികളിൽ വീണ് അപകടം പതിവാണ്. തകർച്ച നേരിട്ടുകൊണ്ടിരിയ്ക്കുന്ന പാലത്തിന്റെ കൈവരികളും ബീമിന്റെ ഭാഗവും അടർന്നു വീണുതുടങ്ങി. കമ്പികൾ പുറത്തേയ്ക്ക് തള്ളിയ നിലയിലാണ്. എത്രയുംവേഗം പാലം പുതുക്കി പണിയുകയോ പാലത്തിന്റെ ഭാഗത്ത് റോഡിലെ ടാറിൽ ഉണ്ടായ കുഴികൾ അടയ്ക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.