
കൊച്ചി: യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൊച്ചി നഗരമദ്ധ്യത്തിലിട്ട് തല്ലിത്തകർത്ത സംഭവത്തിൽ അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരെ കോടതി റിമാൻഡ് ചെയ്തു. ആലുവ പുളിയന്നൂർ കരിമ്പേൽപ്പടിക്കൽ വീട്ടിൽ അസ്കർ അബ്ബാസ് (29), പുതുവൈപ്പ് മഠത്തിൽ വീട്ടിൽ സുധീപ് ദിലീപ് (22), മട്ടാഞ്ചേരി ചക്കരയിടുക്ക് വീട്ടുനമ്പർ 5-231ൽ ഷാഫി എന്നിവരാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ മോർട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കും. കേസിന്റെ വിവരം ഇതുവരെ മോട്ടോർ വാഹനവകുപ്പിന് കൈമാറിയിട്ടില്ല.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കലൂർ ഹൈസ്കൂളിന് മുന്നിൽ വച്ചായിരുന്നു സംഭവം. ബസിന്റെ ചില്ലും മറ്റുമെല്ലാം തരിപ്പണമായിരുന്നു. കോതമംഗലം ഡിപ്പോയിലെ ബസാണ് തകർത്തത്. പുലർച്ചെ യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലെത്തിയപ്പോൾ സ്വകാര്യ ബസ് ഇടതുവശത്തൂടി മുന്നോട്ടുപോകാൻ ശ്രമിച്ചു. ഇത് ചെറിയ അപകടത്തിന് വഴിവച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ചോദ്യംചെയ്തതോടെയാണ് വാക്കുതർക്കമുണ്ടായത്.
കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കുതിച്ചെത്തിയ സ്വകാര്യബസ് കലൂർ ഹൈസ്കൂളിൽ മുന്നിൽവച്ച് തടഞ്ഞുനിറുത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറുമുൾപ്പെടെ മൂന്നുപേർ അസഭ്യം പറയുകയും ബസിന്റെ ചില്ലുൾപ്പെടെ അടിച്ചുതകർക്കുകയുമായിരുന്നു. 20000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.