ആര്യനാട്: ഇന്ത്യയുടെ യാജ്ഞിക ചരിത്രത്തിൽ ആദ്യമായി നടത്തുന്ന മഹാരുദ്ര ഭൈരവിയാഗം ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി മഹാക്ഷേത്രത്തിൽ 16 മുതൽ 23 വരെ നടക്കും.

യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് യാഗത്തിന് നേതൃത്വം
നൽകുന്നത്. മദ്ധ്യപ്രദേശ് ഉജ്ജയിൻ മഹാകാളിക്ഷേത്രം മുഖ്യപുരോഹിത് അനിൽതിവാരി, ഹിമാചൽ പ്രദേശ് ജ്വാലമുഖി ക്ഷേത്രം മുഖ്യ പുരോഹിത്അഭിഷേക് ശുക്ല, പഞ്ചാബ് പഠ്യാല മാകാളി പീഠം മുഖ്യപുരോഹിത് എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന മഹാരുദ്ര ഭൈരവിയാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ.രാമചന്ദ്ര അഡിഗയാണ് മുഖ്യ ആചാര്യൻ.

16ന് രാവിലെ 6.30ന് യാഗ ബ്രഹ്മ അവരോധ പൂജ.10ന് തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്രദീപ പ്രകാശനം നിർവഹിക്കും.10.20ന് മഹായതി പൂജ.വൈകിട്ട് നാലിന് വാസ്തുപൂജ.

വിശ്വാസികൾ ശനിബാബ എന്ന് വിളിക്കുന്ന രാജ്യാന്തര സൂര്യവംശി അഖാഡ സുപ്രീം ചീഫ് മഹാമണ്ഡലേശ്വർ ദേവേന്ദ്രർ സൂര്യവംശിയുടെ മുഖ്യകാർമികത്വത്തിലാണ് 20 ന് രാവിലെ 11ന് മഹാശനീശ്വര ഹവനം നടക്കുന്നത്. കാശി ക്ഷേത്രത്തിൽ 11 വർഷത്തിൽ ഒരിക്കൽ നടക്കുന്ന അഷ്ടമൃത്യുഞ്ജയ
ഹവനവും ചെമ്പകമംഗലം ക്ഷേത്രത്തിൽ നടക്കും. ഇന്റർനാഷനൽ ശനീശ്വര അഖാഡ അനന്ദ് നായർ ആണ് യാഗ ബ്രഹ്മൻ. ക്ഷേത്ര തന്ത്രി രവീന്ദ്രൻ,മേൽശാന്തി മുണ്ടക്കയം പ്രസാദ് തന്ത്രി എന്നിവർ ചടങ്ങുകളിൽ കാർമ്മികത്വം വഹിക്കും.ക്ഷേത്ര പ്രസിഡന്റ് എസ്.ചന്ദ്രമോഹനനും സെക്രട്ടറി സി.എസ്.അജേഷും യാഗ ചടങ്ങുകൾക്ക് നേതൃത്വം നൽകും.