തിരുവനന്തപുരം: ശാസ്ത്രം,വൈദ്യശാസ്ത്രം, ദിശാനിർണയം മുതലായ മേഖലകളിൽ ഇന്ത്യയുടെ പൈതൃകത്തിലൂന്നിയ വിജ്ഞാനം സമൂഹത്തിലേക്ക് എത്തിക്കാൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ നേതൃത്വത്തിൽ ശാസ്ത്ര പൈതൃക ഗവേഷണങ്ങൾ നടത്തിവരികയാണെന്ന് ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ. കേന്ദ്ര സാംസ്‌കാരിക വകുപ്പും സത്സംഗ് ഫൗണ്ടേഷനും പൂജപ്പുര സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഉരുണ്ടതാണെന്നും ഭൂമിയിലെ വിവിധ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും പ്രാചീന ഭാരതത്തിൽ നിർണയിക്കപ്പെട്ടിട്ടുണ്ട്. സമുദ്ര യാത്രയിൽ ദിശാനിർണയം സംബന്ധിച്ച കണ്ടുപിടിത്തങ്ങൾ എല്ലാംതന്നെ ഭാരതത്തിൽ നിന്നാണ്. ഇന്ത്യ കണ്ടുപിടിച്ചത് യഥാർത്ഥത്തിൽ വാസ്‌കോഡഗാമയല്ല, മറിച്ച് ഒരു ഇന്ത്യക്കാരൻ തന്നെയാണ് ഗാമയ്ക്ക് വഴികാട്ടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ.ഐ .ഷാൻ, പ്രൊഫ. സി.ടി .വർഗീസ്, വെൽഫെയർ ഓഫീസർ രേഖ കെ. നായർ തുടങ്ങിയവർ പങ്കെടുത്തു.