തിരുവനന്തപുരം : ഉളിയനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം 16 മുതൽ 18 വരെ ക്ഷേത്ര തന്ത്രി തിരുവല്ല കുഴിക്കാട്ട് ഇല്ലത്ത് ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ചടങ്ങുകളോടുകൂടി നടത്തും.

16ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് നാലിന് ആനപ്പുറത്തെഴുന്നള്ളത്ത്, പുഷ്പാഭിഷേകം, ദീപാരാധന. 17ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് അഞ്ചിന് പാൽപ്പായസ പൊങ്കാല, ദീപാരാധന, 7ന് പൊങ്കാല നിവേദ്യം, പുഷ്പാഭിഷേകം. 18ന് രാവിലെ മഹാഗണപതിഹോമം, എട്ടിന് പ്രഭാതഭക്ഷണം, ഉച്ചയ്‌ക്ക് അന്നദാനം, വൈകിട്ട് 7ന് ഉറിയടി, രാത്രി പ്രസാദ വിതരണം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, ദീപാരാധന എന്നിവ ഉണ്ടായിരിക്കും.

16ന് രാവിലെ 9.30ന് ആനയൂട്ട് ഉണ്ടായിരിക്കും. അന്നേദിവസം മൂന്നിന് വിശ്വനാഥൻ, പുത്തൻകുളം അർജുൻ, അമ്പാടി മഹാദേവൻ, ഉണ്ണി മങ്കാട് ഗണപതി, വേപ്പിൻമൂട് ഇന്ദിര എന്നീ ഗജകേസരികളെ അണിനിരത്തി ഉളിയനാട് പൂരവും തൃശൂർ പൂരത്തിന്റെ ചെറുമാതൃകയിലുള്ള കുടമാറ്റവും ഉണ്ടായിരിക്കും. ചടങ്ങിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കും. സുധീർ കരമന മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കൗൺസിലർമാർ പങ്കെടുക്കും.