തിരുവനന്തപുരം:കാൽനടക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടാവരുത് വഴിയോര കച്ചവടമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുടുംബശ്രീയുമായി സഹകരിച്ച് കോർപ്പറേഷന്റെ നേതൃത്വത്തിൽ 'സ്വാതന്ത്ര്യം തന്നെ അമൃതം' ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ 21 വരെ നടത്തുന്ന വഴിയോരക്കച്ചവട മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്നയിടങ്ങളിലാവണം വഴിയോരക്കച്ചവട കേന്ദ്രങ്ങൾ. കോർപ്പറേഷൻ നിരവധി ക്ഷേമ പദ്ധതികൾ വഴിയോരക്കച്ചവടക്കാർക്കായി നടപ്പാക്കുന്നുണ്ട്. എന്നാൽ ചെറിയ കുറവുകൾ പെരുപ്പിച്ചുകാണിക്കാനുള്ള വ്യാപക ശ്രമം ചിലരിൽ നിന്നുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി. മന്ത്രി ജി.ആർ. അനിൽ നഗരസഭ പവലിയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.സലീം,ആതിര എൽ.എസ്,ജമീലാ ശ്രീധരൻ,ജിഷ ജോൺ,സിന്ധു വിജയൻ,ഡോ.റീന കെ.എസ് എന്നിവരും സംസാരിച്ചു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നയിച്ച ഗാനസന്ധ്യയും അരങ്ങേറി. ഫുഡ്കോർട്ട്,കരകൗശലം,കൈത്തറി,ആയുർവേദ സ്റ്റാളുകളും സെമിനാറുകളും കലാപരിപാടികളും വർക്ക്ഷോപ്പുകളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.