തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് വിപുലമായ സുരക്ഷാ സംവിധാനം ഒരുക്കിയതായി കമ്മിഷണർ ജി. സ്പർജൻകുമാർ അറിയിച്ചു. 2 ഡെപ്യൂട്ടി കമ്മിഷണർമാർ, 10 അസിസ്റ്റന്റ് കമ്മിഷണർമാർ, 19 ഇൻസ്‌പെക്ടർമാർ, 50 സബ്ഇൻസ്‌പെക്ടർമാർ, വനിതാ പൊലീസ് ഉൾപ്പെടെ 500ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയവും പരിസരവും ആറ് സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഓരോ സോണിന്റെയും ചുമതല അസിസ്റ്റന്റ് കമ്മിഷണർമാർക്കായിരിക്കും. സോണുകളിൽ നാല് സെക്ടറുകൾ ഉണ്ടാകും. ഓരോ സെക്ടറിലും ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി പൊലീസുകാരെ വിന്യസിക്കും. കമാൻഡോ വിംഗ്, ക്യു.ആർ.ടി, എന്നീ വിഭാഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഷാഡോ പൊലീസ്,ബോംബ് സ്ക്വാഡ്, ഡോഗ് സക്വാഡ് എന്നിവയുമുണ്ടാകും.

സെൻട്രൽ സ്റ്റേഡിയത്തിനു പരിസരത്തും സെക്രട്ടേറിയറ്റിനുചുറ്റിലും ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മെഡൽ ജേതാക്കളും ബന്ധുക്കളും പൊതുജനങ്ങളും 8.30ന് മുമ്പായി സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കണം. പരേഡ് വീക്ഷിക്കാനെത്തുന്നവർ സെക്രട്ടേറിയറ്റ് അനക്‌സിനു എതിരെയുള്ള ഗേറ്റുവഴിയും, എസ്.എം എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഗേറ്റിലൂടെയുമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കേണ്ടത്. കൺട്രോൾറൂം വാഹനങ്ങൾ സ്റ്റേഡിയം ചുറ്റി പട്രോളിംഗ് നടത്തും. സ്റ്റേഡിയത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കും. ക്യാമറ വഴിയും നിരീക്ഷണം നടത്തും. ഡെപ്യൂട്ടി കമ്മിഷണർ അജിത് കുമാറിനായിരിക്കും സ്വാതന്ത്ര്യ ദിനാഘോഷ സുരക്ഷ ക്രമീകരണങ്ങളുടെ പൂർണ ചുമതല.

ഗതാഗത നിയന്ത്രണം

രാവിലെ 7 മുതൽ രാവിലെ 10.30വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം. വെള്ളയമ്പലം മ്യൂസിയം, കോർപ്പറേഷൻ പോയിന്റ്, പാളയം, അയ്യങ്കാളി ഹാൾ, സ്‌പെൻസർ, സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ്, പുളിമൂട് സെൻട്രൽ സ്റ്റേഡിയം ഹൗസിംഗ് ബോർഡ്, ഗവ. പ്രസ്, ഊറ്റുകുഴി റൂട്ടിലുള്ള റോഡുകളിൽ ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവുമുണ്ടാകും. ഈ റോഡുകളിലും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും കർശന പാർക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കും.