1

കുളത്തൂർ: എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖയുടെ ആസ്ഥാന മന്ദിര വാർഷികാഘോഷ പരിപാടികളുടെ പ്രചരണാർത്ഥം കോലത്തുകര ക്ഷേത്രത്തിൽ നിന്ന് ഇന്നലെ വിളംബര ജാഥയും ബൈക്ക് റാലിയും സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ ജാഥാ ക്യാപ്റ്റൻ കുളത്തൂർ കുന്നത്തോട് ശാഖാ വൈസ് പ്രസിഡന്റ് ഷിബു കുഴിവിളയ്ക്ക് പതാക കൈമാറി യൂണിയൻ ഡയറക്ടർ ബോർഡംഗം കടകംപള്ളി സനൽ ഉദ്ഘാടനം നിർവഹിച്ചു.

കുന്നത്തോട് ശാഖാ സെക്രട്ടറിയും സംയുക്ത കമ്മിറ്റി ചെയർമാനുമായ രമേശൻ തെക്കേയറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംയുക്ത കമ്മിറ്റി കൺവീനർ പ്രമോദ് സ്വാഗതം പറഞ്ഞു. ആലുവിള അജിത്ത്, കെ.വി. അനിൽകുമാർ, ആക്കുളം മോഹനൻ, സുരേന്ദ്രനാഥ്‌, കോലത്തുകര മോഹനൻ, ടി. ഉദയകുമാർ, സത്യനേശൻ, എൻ. മോഹൻദാസ്, ജി.പി. ഗോപകുമാർ, വിജയാംബിക തുടങ്ങിയവർ സംസാരിച്ചു. റാലി കുന്നത്തോട്, കിഴക്കുംകര, കല്ലിംഗൽ, കുളത്തൂർ വടക്കുംഭാഗം, കോലത്തുകര ശാഖാ പരിധിയിലെ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് തിരികെ കോലത്തുകരയിൽ സമാപിച്ചു. വനിതകൾ ഉൾപ്പെടെ നിരവധിപേർ ബൈക്ക് റാലിയിലും വിളംബര ജാഥയിലും പങ്കെടുത്തു.