photo1

പാലോട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കുട്ടത്തിക്കരിക്കകം ക്ഷേത്രത്തിന് സമീപത്തുള്ള കർഷകരുടെ കൃഷിയാണ് കൂട്ടമായെത്തിയ ആന നശിപ്പിച്ചത്. എക്സ് കോളനി ഷാൻ നിവാസിൽ വിശ്വനാഥൻ, ചരുവിള പുത്തൻവീട്ടിൽ പുഷ്പരാജൻ, ചരുവിള വീട്ടിൽ ഭുവനചന്ദ്രൻ, വെള്ളല്ലൂർ വി.എസ് ഭവനിൽ അഖിൽ, ബിനു ഭവനിൽ ജോൺ എന്നിവരുടെ ഏക്കറുകണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്ന വാഴ, തെങ്ങ്, കമുക് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്.

ഒരാഴ്ചയ്ക്ക് മുൻപ് വനാതിർത്തിയിൽ നിന്ന് ഏകദേശം 4 കിലോമീറ്ററിലധികം ദൂരത്തിലുള്ള ചിപ്പൻചിറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ചിപ്പൻചിറ ദേവയാനത്തിൽ അജയകുമാർ, ധാറുൾസലാമിൽ സലാഹുദ്ദീൻ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. വസ്തുവിന്റെ വേലി തകർത്ത് തെങ്ങ്,വാഴ,പ്ലാവ് തുടങ്ങിയവയാണ് നശിപ്പിച്ചത്.ഈ പ്രദേശങ്ങളിൽ ആനയുടെ സാന്നിദ്ധ്യം ആദ്യമായാണ്. ആന ഇനിയും ജനവാസ മേഖലയിൽ എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. ഇലവുപാലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇലവുപാലം ആയിരവല്ലി കരിക്കകം സ്വദേശി രവി ഇപ്പോഴും ചികിത്സയിലാണ്.

വീട്ടിൽ നിന്ന് ചായ കുടിക്കാനായി മാധവൻകരിക്കകത്തെ കടയിലേക്ക് പോകവേയാണ് കാട്ടുപന്നി ആക്രമിച്ചത്. പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ആന ഇറങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി.

.