തിരുവനന്തപുരം: കൈയ്‌ക്ക് പൊട്ടലുമായി വേദന സഹിക്കാനാകാതെയെത്തിയ എട്ടുവയസുകാരന് അടിയന്തരമായി പ്ലാസ്റ്ററിടാതെ സൗകര്യമില്ലെന്ന് പറഞ്ഞ് ജില്ലാ, താലൂക്ക് ആശുപത്രികൾ നെട്ടോട്ടമോടിച്ചു. ഒടുവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫറും ചെയ്‌തു. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിനും കാത്തുനില്പിനുമിടെ വേദന സഹിക്കവയ്യാതെ സമയം തള്ളിനീക്കിയ കുട്ടിക്ക് പരിക്കേറ്റ് ആറ് മണിക്കൂറിന് ശേഷമാണ് പ്ലാസ്റ്ററിടാനായത്. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.

ആര്യനാട് മീനാങ്കലുള്ള അർജുൻ മാതാപിതാക്കൾക്കൊപ്പം കല്ലാറിലെത്തിയപ്പോഴാണ് തെന്നിവീണ് കൈയ്‌ക്ക് പരിക്കേറ്റത്. മാതാപിതാക്കൾ ഉടൻ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അത്യാഹിതവിഭാഗത്തിലെ ഡോക്ടർ എക്‌സ്റേയ്‌ക്ക് എഴുതി. എക്‌സ്റേ വിഭാഗം എവിടെയെന്ന് ചോദിപ്പോൾ ആശുപത്രിയിൽ ഇപ്പോൾ അതിനുള്ള സംവിധാനമില്ലെന്നും പുറത്തു നിന്നെടുക്കാനും നിർദ്ദേശിച്ചു. സ്വകാര്യ എക്‌സ്‌റേ സെന്ററിൽ നിന്ന് എക്‌സ്റേയെടുത്ത് വേഗത്തിൽ ഡോക്ടറെ കണ്ടു. നേരിയ പൊട്ടലുണ്ടെന്നും ഓർത്തോ ഡോക്ടർ കണ്ടാൽ മാത്രമേ പ്ലാസ്റ്ററിടാനാകൂവെന്നും ഡോക്ടർ പറഞ്ഞു. ഓർത്തോ ‌ഡോക്ടർ എപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ, ഒരുമണിവരെയാണ് ഒ.പിസമയമെന്നും ഇനി ഇന്ന് വരില്ലെന്നും മറുപടി നൽകിയ ഡ്യൂട്ടി ഡോക്ടർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്‌തു.

അവിടെയെത്തിയപ്പോഴും പൊട്ടൽ സ്ഥിരീകരിച്ചു, എന്നാൽ അവിടെയും ഓർത്തോ ഡോക്ടറില്ല. പിന്നാലെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. രാത്രി 10.30ഓടെ വേദനസഹിക്കാനാവാതെ കരയുന്ന കുട്ടിയുമായി മാതാപിതാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. അത്യാഹിതവിഭാഗത്തിലെ ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് തിരക്കുകൾക്കിടയിലും അവർ വേഗത്തിൽ പ്ലാസ്റ്ററിട്ടത്. താലൂക്ക്, ജില്ലാ ആശുപത്രികളിൽ പരിഹരിക്കപ്പെടേണ്ട വിഷയമാണ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ആവശ്യമെങ്കിൽ സ്‌പെഷ്യാലിറ്റി ഡോക്ടറുടെ സേവനം ഓൺകാളായി തേടണമെന്ന വ്യവസ്ഥയുൾപ്പെടെ നിലവിലുണ്ടെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.

റഫറൽ സംവിധാനം പാളുന്നു

അടിയന്തരഘട്ടങ്ങളിൽ മാത്രമേ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ റഫർ ചെയ്യാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശം. എത്തുന്നവരെയെല്ലാം താലൂക്ക്, ജില്ലാ ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചാൽ പ്രതിസന്ധി രൂക്ഷമാകും. അതേസമയം താലൂക്ക്, ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കാതെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.