വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി നാളെ രാവിലെ ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽഫോറസ്റ്റ് ഓഫീസർ അറിയിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം. പൊൻമുടി വനമേഖലയിൽ ശക്തമായി മഴപെയ്യുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തതോടെ കളക്ടറുടെ നിർദ്ദേശപ്രകാരം ജൂലായ് 31നാണ് വനപാലകർ പൊൻമുടി അടച്ചത്. പൊൻമുടി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും തുറക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പൊൻമുടിക്കൊപ്പം അടച്ച കല്ലാർ മീൻമുട്ടി ഇക്കോടൂറിസവും മങ്കയവും കഴിഞ്ഞ ദിവസം തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇവിടെ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നേരത്തെ പൊൻമുടിയിൽ സഞ്ചാരികളുടെ വൻ പ്രവാഹമായിരുന്നു. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായി. പൊൻമുടിക്ക് പുറമേ കല്ലാർ മീൻമുട്ടി, ബോണക്കാട്, പേപ്പാറ,​ ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു.

വാർത്ത ഫലം കണ്ടു

സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ വിതുര, തൊളിക്കോട് മേഖലയിലെ വ്യാപാരമേഖലയും സജീവമായി. പെട്ടിക്കടകളിൽ മുതൽ ഹോട്ടലുകളിൽ വരെ നല്ലരീതിയിൽ കച്ചവടവും നടന്നിരുന്നു. എന്നാൽ പൊൻമുടി അടച്ചതോടെ സ്ഥിതിഗതികൾ പാടേ മാറിമറിഞ്ഞു. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസം മേഖലകൾ ആളും ആരവവുമില്ലാതെ നിശ്ചലമായി. കച്ചവടക്കാർ പ്രതിസന്ധിയിലുമായി. പൊൻമുടി അടിയന്തരമായി തുറക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി ഇക്കഴിഞ്ഞ 14 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റും ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡി.എഫ്.ഒ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു.

സുന്ധരിയായി പൊൻമുടി

പൊൻമുടിയിലിപ്പോൾ വിതുരയെ അപേക്ഷിച്ച് സുഖശീതളമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതി സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരും, മൂടൽമഞ്ഞും, മഴയും, കുളിർകാറ്റും, തണുപ്പും നിറഞ്ഞ് പൊൻമുടി സഞ്ചാരികളെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ്. മാത്രമല്ല കാട്ടാന,കാട്ടുപോത്ത്, പുലി എന്നിവയുടെ സാന്നിദ്ധ്യവുമുണ്ട്. ടോയ്‌ലെറ്റുകൾ നന്നാക്കി റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തി പൊൻമുടി ഉടൻ തുറക്കുമെന്ന് ഡി.എഫ്.ഒ വ്യക്തമാക്കിയിരുന്നു.

പണികൾ ധൃതഗതിയിൽ നടത്തിയാണ് നാളെ പൊൻമുടി തുറക്കുന്നത്. ശേഷിച്ച പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. ഓണക്കാലമാകുന്നതോടെ പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കും.