കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ കരിമ്പാലോട് വാർഡിൽ ക്രഷർ യൂണിറ്റ് ആരംഭിക്കാൻ പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിട്ടില്ലെന്നും അവിടെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്‌മിത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും യു.ഡി.എഫ് പ്രവർത്തകരും ഭരണസമിതിയെ താറടിച്ച് കാണിക്കാൻ വ്യാജപ്രചാരണം നടത്തുകയാണ്. പ്രദേശത്ത് ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. അനുമതി ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി പഞ്ചായത്തിൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്കൊപ്പം പ്രദേശവാസികളുടെ പരാതിയും ലഭിച്ചതോടെ ക്രഷർ യൂണിറ്റിന് അനുമതി നൽകേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ പഞ്ചായത്തിന് മറ്റ് നടപടികൾ സ്വീകരിക്കാനാകില്ലെന്നും നിയമോപദേശം തേടിയതിന് ശേഷം ഉപസമിതിയുടെ കാര്യം ആലോചിക്കാമെന്നും പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. വിജലയക്ഷ്മി, ചെയർമാൻ വെള്ളല്ലൂർ കെ.അനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.