കമലഹാസന്റെ വിക്രമിൽ തിളങ്ങിയ
തെന്നിന്ത്യൻ താരം ഗായത്രി ശങ്കർ മലയാളത്തിലും

പാതി മലയാളി .പാതി തമിഴ്. രണ്ടും കൂടി ചേരുന്നതാണ് ഗായത്രി ശങ്കർ. പത്തുവർഷം മുൻപ് 18 വയസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയപ്പോൾ മുതൽ തമിഴകം ഗായത്രി ശങ്കറെ ശ്രദ്ധിക്കുന്നുണ്ട്. നടുവിലെ കൊഞ്ചം പക്കത്തെ കാണോ, സീതാകതി, പുരിയാത പുതിർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ചിത്രങ്ങൾ പിന്നാലെ എത്തി . തുഗ്ളക് ദർബാറിൽ അതിഥി വേഷം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയിൽ ഫഹദ് ഫാസിലിന്റെ ഭാര്യയെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല.ഗായത്രി ശങ്കർ പറഞ്ഞത്:-
വിക്രം സിനിമയിലെ ഗായത്രി അമറും, ദേവിയും ഒരാൾആണെന്ന് പ്രേക്ഷകർക്ക് തോന്നിയില്ല ?
രണ്ടുപേരും രണ്ടു ആളുകളാണ്. പ്രേക്ഷകർക്ക് അങ്ങനെ തോന്നാതിരുന്നത് എന്റെ ഭാഗ്യമായി കരുതുന്നു. കഥാപാത്രമായി മാറാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു തുടക്കം മുതൽ ഉണ്ട്. തോണി തുഴയുന്നത് പഠിച്ചശേഷമാണ് ആ സീനിൽ അഭിനയിച്ചത്. എല്ലാ കാര്യങ്ങളും പഠിച്ചുചെയ്യുന്നത് നല്ലതല്ലേ.
മക്കൾ സെൽവൻ വിജയ് സേതുപതിക്ക് എങ്ങനെയാണ്ഗായത്രി പ്രിയ നായികയാവുന്നത്?
ഈ ചോദ്യം വിജയ് സേതുപതിയോട് ചോദിക്കുന്നതാവും നല്ലത്. വിജയ് സേതുപതി വിളിക്കുമ്പോൾ പ്രിയ നായികയാണെന്ന് ഞാൻ കരുതാറില്ല. എനിക്ക് കഴിവുണ്ടെന്നും നല്ല നടിയായതിനാൽ വിളിക്കുന്നതെന്നും വിജയ് സേതുപതി തന്നെ പറഞ്ഞിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത് വിജയ് സേതുപതിയുടെ ചിത്രങ്ങളിലാണ്. അതെല്ലാം എങ്ങനെയോ സംഭവിച്ചതാണ്.ചെന്നൈയിലാണ് ജനിച്ചത്. വളർന്നത് ബംഗളുരുവിൽ. അമ്മയുടെ നാട് തിരുവനന്തപുരം ആണ്. അച്ഛന്റെ നാട് ചെന്നൈ. ഞാൻ ഒറ്റ മോളാണ്.
എപ്പോഴാണ് ഇനി മലയാളത്തിലേക്ക് വരിക?
കഥ കേൾക്കുന്നുണ്ട്. നല്ല തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിലൂടെ തന്നെ വീണ്ടും വരും. ഇനി, ഇവിടെനിന്ന് പോവാൻ ഉദ്ദേശമില്ല. മലയാളത്തിൽ അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ആസമയത്താണ് ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലെ തമിഴ് സംസാരിക്കുന്ന ദേവി എന്ന കഥാപാത്രം ലഭിച്ചത്. തമിഴിൽ പ്രഭുദേവയുടെ കൂടെ ബഗീര, ജി.വി പ്രകാശ് കുമാർ ചിത്രം ഇടിമുഴക്കം എന്നിവ റിലീസിന് ഒരുങ്ങുന്നു.