kuzikkalum-concreetum

വക്കം: മഴക്കാല സംരക്ഷണത്തിനായി റോഡരുകിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ പൈപ്പ് കണക്ഷനായി അതേ കോൺക്രീറ്റ് വെട്ടി മുറിച്ച് നശിപ്പിക്കുന്നു. കീഴാറ്റിങ്ങൽ ശാസ്താംനടയ്ക്ക് സമീപമാണ് കോൺക്രീറ്റിംഗും വെട്ടി മുറിക്കലും ഒരേ സമയത്ത് നടക്കുന്നത്. മഴക്കാലത്തെ അപകടങ്ങൾ കുറയ്ക്കാനും റോഡ് സംരക്ഷിക്കാനും വേണ്ടിയാണ് റോഡരുകിൽ ചെറുതായി കുഴിച്ച് ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് ഇടുന്നത്. ഈ മേഘലയിൽ ജല ജീവൻ പദ്ധതി പ്രകാരം പൈപ്പ് കണക്ഷൻ ജോലികൾ നിരവധിയിടങ്ങളിൽ ബാക്കിയാണ്. പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിട്ടിയും തമ്മിൽ ഏകോപനമില്ലാത്തതിനാലാണ് കോൺക്രീറ്റ് ഇട്ട് നിമിഷങ്ങൾക്കുള്ളിൽ വെട്ടി പൊളിക്കേണ്ടിവരുന്നത്. ഇനിയും ഈ മേഖലയിൽ നിരവധി വീടുകളിൽ ജലനിധി പദ്ധതി പ്രകാരം കണക്ഷൻ നൽകേണ്ടതുണ്ടന്നാണ് അറിയുന്നത്. ഇത്തരത്തിൽ കോൺക്രീറ്റ് വെട്ടിപ്പൊളിച്ച് പൈപ്പ് കണക്ഷൻ നൽകാൻ തുടങ്ങിയാൽ ഇതുകൊണ്ട് യാതൊരു പ്രയോജനവും റോഡിനുണ്ടാകില്ലന്നാണ് വിലയിരുത്തൽ.