കടയ്ക്കാവൂർ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. വിവിധ സർക്കാർ ഓഫീസുകളിലും അർദ്ധ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. സ്കൂളുകളിൽ സ്വാതന്ത്ര്യദിന ഘോഷയാത്രകളും മധുര പലഹാര വിതരണവും നടന്നു.
സി.പി.എം അഞ്ചുതെങ്ങ് നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നെടുംങ്ങണ്ടയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ജോയി എം.എൽ.എ ദേശിയ പതാക ഉയർത്തി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, പി. വിമൽ രാജ്, എസ് എഫ് .ഐ ഏരിയാ പ്രസിഡന്റ് വിജയ് വിമൽ, വാർഡ് മെമ്പർ സരിതാബിജു, അജയ് എന്നിവർ പങ്കെടുത്തു.
നെടുങ്ങണ്ട ഒന്നാം പാലം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ശാഖാ രക്ഷാധികാരിയും, മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി കടയ്ക്കാവൂർ ലേഖകനുമായ ഡി. ശിവദാസ് പതാകയുയർത്തി. വിഷ്ണു, സഞ്ജീവ്, ലോഹിദാസ്, ഷാജി, രാജപാലൻ തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പതാകയുയർത്തലും മധുരവിതരണവും നടന്നു.