
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് ഹോമിയോ ആശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പ്രധാന റോഡ് തകർന്നിട്ട് നാളുകളേറെയായി. ഈ റോഡ് ഇനി എന്ന് നന്നാക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ചെളിക്കെട്ടും കുണ്ടും കുഴിയുമായി പൂർണ്ണമായും ടാറിടാത്ത റോഡ് തകർന്ന നിലയിലാണ്. വർഷങ്ങളായി ചെളിക്കെട്ട് നിറഞ്ഞ ഈ റോഡിലൂടെയാണ് ഹോമിയോ, കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് ആൾക്കാർ കടന്നുപോകുന്നത്. കരമന-വഴിമുക്ക് ദേശീയപാതയിൽ ബൈറോഡായ തയ്ക്കാപള്ളി –പൂവാർ റോഡിന്റെ നവീകരണത്തിനാണ് നാട്ടുകാർ മുറവിളി കൂട്ടുന്നത്. റോഡിനിരുവശവും കാട് വളർന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. കൊച്ചുകുട്ടികളുമായാണ് രക്ഷിതാക്കൾ ഹോമിയോ ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്. ഒരു വാഹനവും കടന്നുവരാൻ കഴിയാത്തവിധം അമ്പത് മീറ്ററോളം ചെളിക്കെട്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ ചാക്കുകളിൽ മാലിന്യവും കൊണ്ടിടുന്നത് പതിവായിമാറുകയാണ്. ദുർഗന്ധവും കൊതുക് ശല്യവും വർദ്ധിച്ചതോടെ ഈ മേഖല പകർച്ചവ്യാധിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്, ദിവസവും നൂറ് കണക്കിന് ആൾക്കാരാണ് കൃഷിഭവനിൽ അപേക്ഷകരുൾപ്പെടെ സന്ദർശകരായി എത്തുന്നത്.
വാഹനവും എത്താറില്ല
റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ കൃഷിഭവനിലേക്ക് വിത്തുകളും വളങ്ങളും ചെടികളും വാഹനങ്ങളിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. രാവിലെ 9 മുതൽ 3 വരെ ഹോമിയോ ആശുപത്രിയിലും നൂറോളം പേർ എത്തുന്നുണ്ട്. ഹോമിയോ ആശുപത്രി റോഡ് എത്രയും വേഗം ടാറിട്ട് ഗതാഗതം സുഗമമാക്കണമെന്നാണ് മെഡിക്കൽ ഓഫീസറും ആവശ്യപ്പെടുന്നത്. പഞ്ചായത്തിലെ രണ്ട് സുപ്രധാന കേന്ദ്രങ്ങളിൽ ഇത്രയേറെ പേർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ജനപ്രതിനിധികളോ ഭരണസംവിധാനമോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ടാറിംഗ് കാണാനില്ല
ബാലരാമപുരം പഞ്ചായത്തിൽ റസിഡന്റ്സ് ഏരിയകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മിക്കസ്ഥലങ്ങളും ടാറിടാത്തതുകാരണം പൊതുവഴി ഉൾപ്പെടെ ഗതാഗതയോഗ്യമല്ല. പുതിയ റോഡുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പഴയ റോഡുകളുടെ പുന:രുദ്ധാരണം, കോൺക്രീറ്റ് നടപ്പാത എന്നിവയ്ക്കാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. വിവിധ പദ്ധതികൾക്ക് ഫണ്ടുകൾ വൈകുന്നതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക വിനിയോഗിക്കാൻ കഴിയാത്തതും പഞ്ചായത്ത് വികസനപദ്ധതികളെയും ബാധിച്ചിരിക്കുകയാണ്.