
നെടുമങ്ങാട്: പഴകുറ്റി - വെമ്പായം - മംഗലപുരം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴകുറ്റി പാലത്തിന്റെ നിർമ്മാണം മന്ത്രി ജി.ആർ. അനിൽ വിലയിരുത്തി. ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന റോഡിന്റെ പുനർ നിർമ്മാണം യാഥാർത്ഥ്യമാകുകയാണ്. തുടക്കം മുതൽ പദ്ധതിയെ തുരങ്കംവയ്‌ക്കാൻ ശ്രമിച്ചവരാണ് അന്തിമഘട്ടത്തിലും തടസവാദവുമായി രംഗത്തുള്ളതെന്നും ഇവരെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെയും പാലത്തിന്റെയും നിർമ്മാണ പുരോഗതി വിലയിരുത്താൻ 20ന് രാവിലെ 11ന് മന്ത്രിയുടെ ചേംബറിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. വഴയില - പഴകുറ്റി നാലുവരിപ്പാത പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളും യോഗം വിലയിരുത്തും. നെടുമങ്ങാട് മണ്ഡലത്തിൽ നിർമ്മാണം ആരംഭിച്ച മറ്റു റോഡുകളുടെയും മരാമത്ത് പ്രവൃത്തികളുടെയും അവലോകനം 19ന് രാവിലെ 11ന് തന്റെ ചേംബറിൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
പഴകുറ്റി പാലവും റോഡും സന്ദർശിച്ച മന്ത്രിക്കൊപ്പം നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ, തഹസിൽദാർ അനിൽകുമാർ, കെ.ആർ.എഫ്.ബി അസി.എക്‌സി.എൻജിനിയർ ദീപാ റാണി, പി.ഡബ്ലിയു.ഡി അസി.എക്‌സി.എൻജിനിയർ സജിത്, നഗരസഭാ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ആനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, മെമ്പർ എ.എസ് ഷീജ തുടങ്ങിയവരും ഉണ്ടായിരുന്നു.