 തുറമുഖ നിർമ്മാണം പൂർണമായും നിറുത്തി  ലത്തീൻ പള്ളികളിൽ കരിങ്കൊടി

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചതോടെ തുറമുഖ നിർമ്മാണം പൂർണമായും നിറുത്തിവച്ചു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളയമ്പലം ബിഷപ്പ് ഹൗസ് ഉൾപ്പെടെ എല്ലാ ലത്തീൻ പള്ളികളിലും കരിങ്കൊടി ഉയർത്തി. ബിഷപ്പ് ഹൗസിൽ രാത്രി ദീപവും തെളിച്ചു. ഇന്നലെ രാവിലെ 10ന് കൊല്ലങ്കോട്, പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിലായിരുന്നു സമരം ആരംഭിച്ചത്. അതിരൂപതാ മെത്രാൻ ഡോ. ക്രിസ്തുദാസ് സമരം ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം നിലനിൽപ്പിന്റെ സമരമാണെന്നും ജീവൻമരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ബൈക്ക് റാലിയായി സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലിയാണ് സമരത്തിനെത്തിയത്.

രാവിലെ വൈദികർ കറുത്ത വസ്ത്രമഞ്ഞിഞ്ഞാണ് സമരപ്പന്തലിലെത്തിയത്. യൂജിൻ പെരേര, വികാരി ജനറലും സമരസമിതി കൺവീനറുമായ നിക്കോളാസ്, ജയിംസ് കുലാസ്, വികാരിമാരായ തിയോഡോഷ്യസ്, മൈക്കിൾ തോമസ്, ഹൈസന്ത് നായകം, ജസ്റ്റിൻ ജൂഡിൻ, റോബിൻസൺ, ലാബറിൻ യേശുദാസ്, ഷാജൻ ജോസ്, ആഷ്ലിൻ, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി എസ്.ബി, അനീഷ് ഫെർണാണ്ടസ്, കൺവീനർ മാരായ പാട്രിക് മൈക്കിൾ, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

സംഘർഷാവസ്ഥ

സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ നേതൃത്വം ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിച്ചു. പണി നിറുത്തിവച്ചതായി പൊലീസ് അറിയിച്ചെങ്കിലും നേരിൽ കണ്ട് ബോദ്ധ്യപ്പെടുന്നതുവരെ സമരക്കാർ അടങ്ങിയില്ല. കനത്ത മഴയെ തുടർന്ന് മറ്റ് നിർമ്മാണ പ്രവൃത്തികൾ നേരത്തെ നിറുത്തിവച്ചിരുന്നു. ഓഫീസ് ജോലികളാണ് ഇന്നലത്തോടെ നിറുത്തിയത്.