തിരുവനന്തപുരം: സി.പി.എമ്മിന് തലസ്ഥാനജില്ലയിൽ പുതിയ ജില്ലാ സെക്രട്ടറി ഈയാഴ്ച ഒടുവിൽ വന്നേക്കും. 20,21 തീയതികളിലായി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റംഗമായതിനെ തുടർന്നാണ് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്നൊഴിയുന്നത്. കൊച്ചിയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായെങ്കിലും അതിനുശേഷവും സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു.
കൊച്ചി സമ്മേളനത്തിൽ സംസ്ഥാനസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി. ജോയിയുടെ പേര് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേട്ടെങ്കിലും എം.എൽ.എയായതിനാൽ അദ്ദേഹത്തിന് സാദ്ധ്യത കുറവെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളിൽ സി. ജയൻബാബു, സി. അജയകുമാർ, എൻ. രതീന്ദ്രൻ തുടങ്ങിയ പേരുകൾ ചർച്ചയിലുണ്ട്. ജയൻബാബുവിന് ഒരു ടേം നൽകാനുള്ള സാദ്ധ്യതയും പ്രചരിക്കുന്നു. യുവ നേതാക്കളിലേക്ക് ചർച്ച നീണ്ടാൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായ കെ.എസ്. സുനിൽകുമാറിന്റെ പേര് വന്നേക്കാം.