photo1

നെടുമങ്ങാട്: അതിവേഗം പുരോഗമിക്കുന്ന മംഗലപുരം - വെമ്പായം - പഴകുറ്റിപാത പുനരുദ്ധാരണം തകിടം മറിക്കാൻ ഗൂഢാലോചനയെന്ന് ആക്ഷേപം. തറ ലെവൽ ചെയ്തും ഓടകോരിയും നിരത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് ചെളിയും മണ്ണും നീക്കം ചെയ്യാൻ അനുവദിക്കാതെ ചിലർ നിർമ്മാണം തടസ്സപ്പെടുത്തുന്നു എന്നാണ് പരാതി. ചെളി നീക്കം സംബന്ധിച്ച് റോഡിന്റെ കരയിലെ വസ്തു ഉടമകളെയും സ്ഥലവാസികളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇക്കൂട്ടർ നടത്തുന്നത്. റോഡിൽ നിന്ന് കോരിമാറ്റുന്ന ചെളി നിക്ഷേപിക്കാൻ സമ്മതം മൂളിയ പലരും ഇപ്പോൾ മുഖം തിരിച്ചു നില്പാണ്. ആദ്യ ഘട്ടത്തിൽ ചെളി നിക്ഷേപിച്ച പുരയിടങ്ങളിൽ നിന്ന് അത് നീക്കം ചെയ്യേണ്ട ഗതികേടിലാണ് കരാറുകാരും തൊഴിലാളികളും. ഇതേച്ചൊല്ലി നാട്ടുകാർ ചേരിതിരിഞ്ഞ് തമ്മിലടിയും പൊലീസ് കേസും പതിവായി. നെടുമങ്ങാടിനെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന മംഗലപുരം - വെമ്പായം - പഴകുറ്റി രണ്ടുവരിപ്പാതയുടെ പുനഃരുദ്ധാരണപദ്ധതി മലയോരവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് യാഥാർത്ഥ്യമായത്.

നിർമ്മാണം പുരോഗമിക്കുന്നു

പഴകുറ്റിയിലും ഇരിഞ്ചയത്തും കാലപ്പഴക്കം ചെന്ന പാലങ്ങൾ പൊളിച്ചുനീക്കി പുതിയ പാലങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വെമ്പായം മുതൽ താന്നിമൂട് വരെ ആദ്യഘട്ട ടാറിംഗും പൂർത്തിയായി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിശ്രമ രഹിതമായി നിർമ്മാണ ജോലികൾ മുന്നേറിയതിനാൽ ചുരുക്കം ആഴ്ചകൾ കൊണ്ട് ആദ്യഘട്ട നിർമ്മാണം പൂർത്തിയായത്. ഈ മാസം ഒടുവിൽ പഴകുറ്റി പാലം നാട്ടുകാർക്ക് തുറന്നുകൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

കച്ചവടക്കാർ പ്രതിസന്ധിയിൽ

ഓടനിർമ്മാണം അവശേഷിക്കുന്ന പഴകുറ്റി എം.ടി ഹാൾ ജംഗ്ഷൻ മുതൽ താന്നിമൂട് വരെയുള്ള പ്രദേശത്തെ 25 ലേറെ കച്ചവടസ്ഥാപനങ്ങൾ എട്ടു മാസമായി അടഞ്ഞു കിടപ്പാണ്. വായ്പകൾ തരപ്പെടുത്തിയും പലിശയ്ക്ക് പണമെടുത്തും ആരംഭിച്ച സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ കടുത്ത സാമ്പത്തിക ബാദ്ധ്യതയുടെ നടുവിലാണ്. സ്ഥലവാസികളുടെ ദുരിതം ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് ഈ ഭാഗത്തെ നിർമ്മാണ ജോലികൾ ത്വരിതഗതിയിൽ ആരംഭിച്ചിരിക്കെയാണ് സ്ഥലവാസികളിൽ ചിലർ ചെളിനീക്കം തടസപ്പെടുത്തിയത്.

നെടുമങ്ങാട് പഴകുറ്റി മുതൽ വെമ്പായം, പോത്തൻകോട്, മംഗലപുരം വരെയുള്ള 22 കിലോ മീറ്റർ റോഡാണ് അത്യാധുനിക രീതിയിൽ പുനഃരുദ്ധരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനുമായി 121 കോടി രൂപയുടെ അനുമതിയാണ് കിഫ്‌ബി നൽകിയിട്ടുള്ളത്. ഒന്നാംഘട്ടമായി പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഏഴു കിലോമീറ്റർ റോഡ് വികസിപ്പിക്കാൻ 34 കോടി രൂപയാണ് ചെലവിടുന്നത്.