
മലയിൻകീഴ്: ഗ്രാമങ്ങളിലെ പ്രധാനറോഡുകൾ, പൊതുവഴികൾ, വ്യാപാര സ്ഥാപനങ്ങൾക്ക് അരികിൽ എല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ മാത്രം. കാട്ടാക്കട-നെയ്യാറ്റിൻകര റോഡിൽ അരുമാളൂർ പള്ളിക്ക് സമീപം മാലിന്യ കൂമ്പാരങ്ങൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവഴി പോകുന്നവർ മൂക്ക് പൊത്തേണ്ട ഗതികേടിലാണ്. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിന് അരുമാളൂർ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പെട്ടിക്ക് അരികിലാണ് ടൺ കണക്കിന് മാലിന്യം കൊണ്ട് തള്ളിയിരിക്കുന്നത്. സെപ്റ്റിക് മാലിന്യം തുടങ്ങി അറവ് ശാലകളിലെ മാലിന്യങ്ങൾ ചാക്കുകളാക്കിയും കവറുകളിലും കൊണ്ടിടുന്നതിനാൽ ദുർഗന്ധം കാരണം പരിസരവാസികൾക്ക് വീടുകളിൽ പോലും കഴിയാനാകാത്ത സ്ഥിതിയാണ്. മാറനല്ലൂർ പഞ്ചായത്തിലെ മാറനല്ലൂർ വാർഡിലാണ് അമ്പരപ്പ് ഉളവാക്കുംവിധം മാലിന്യ നിക്ഷേപം നാൾക്കുനാൾ പെരുകുന്നത്. പഞ്ചായത്തിൽ അറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അറുതിയില്ലാതെ മാലിന്യനിക്ഷേപം
ഊരൂട്ടമ്പലം പൊതുമാർക്കറ്റിന് സമീപത്തും അഴകം ഭാഗത്തും മാലിന്യ നിക്ഷേപം വ്യാപകമായിട്ടുണ്ട്. മലയിൻകീഴ്-കാട്ടാക്കട-തിരുവനന്തപുരം റോഡ്, ഇടറോഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം നാൾക്കുനാൾ വർദ്ധിക്കുന്നുണ്ട്. അഴുകി കിടക്കുന്ന മാലിന്യത്തിൽ നിന്ന് ദുർഗന്ധം പ്രദേശത്താകെ പടരും. പൊതുവഴികളിലെയും പ്രധാനറോഡുകളിലെയും മാലിന്യ നിക്ഷേപത്തിന് അറുതിവരുന്നതേയില്ല. ചീനിവിള-പോങ്ങുംമൂട്, മലയിൻകീഴ്- പാപ്പനംകോട്, അന്തിയൂർക്കോണം- മൂങ്ങോട് തുടങ്ങിയ റോഡുകളിൽ മാലിന്യപ്പൊതികൾ ഇടുന്നത് നാൾക്കുനാൾ വർദ്ധിക്കുന്നു. ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് വാഹനങ്ങളും, കാറുകളിലുമെത്തി മാലിന്യം വലിച്ചെറിയുന്നത് പതിവെന്നാണ് നാട്ടുകാർ പറയുന്നത്.
പെറ്റിമാത്രം
ആരെങ്കിലും പൊലീസിൽ അറിയിക്കാമെന്നുവച്ചാൽ ചെറിയ പെറ്റിയിൽ കാര്യങ്ങൾ തീരുമെന്നും ഇക്കൂട്ടർക്ക് അറിയാം. കുഴയ്ക്കാട്-അണപ്പാട്, ഇരട്ടക്കലുങ്ക്-പൊറ്റയിൽ, മച്ചേൽ-കോവിൽവിള- കുന്നുംപുറം തുടങ്ങിയ ബണ്ട് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നന്നേ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
കാമറ വന്നിട്ടും രക്ഷയില്ല
അന്തിയൂർക്കോണം-മഞ്ചാടി, കരിപ്പൂര്-തച്ചോട്ടുകാവ് റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ സി.സി.ടിവി കാമറ ഉൾപ്പെടെ സ്ഥാപികയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും മാലിന്യ നിക്ഷേപം തുടർന്ന് കാെണ്ടേയിരിക്കുന്നു. അന്തിയൂർക്കോണം-മൂങ്ങോട് റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. മാലിന്യങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്. ഇരട്ടക്കലുങ്ക്-കൊമ്പേറ്റി കുഴയ്ക്കാട്-അണപ്പാട് എന്നീ തോടുകളിൽ ബണ്ട് റോഡിൽ നിന്ന് മാലിന്യം കൊണ്ടിടുന്നതും പതിവായിട്ടുണ്ട്.