വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന് 2022-23 സാമ്പത്തിക വർഷത്തിൽ 9,68,50,669 രൂപയുടെ പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് എസ്.ശശികല അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ സമ്പത്ത് ഘടന പ്രധാനമായും കാർഷിക മൃഗസംരക്ഷണ മേഖലയെ ആശ്രയിച്ചുള്ളതാണ്. ഉല്പാദന മേഖലയ്ക്കാണ് സാമ്പത്തിക വർഷത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്. തരിശ് ഭൂമി കൃഷിക്ക് ധനസഹായം, ജലസേചന പമ്പ് സെറ്റ് വിതരണം, സഞ്ജീവനി വിള ആരോഗ്യ ക്ലിനിക്, കാർഷികകർമ്മസേന, ആട്, പശു വിതരണം തുടങ്ങിയവയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഭൂമിയുള്ള ഭവനരഹിതർക്ക് ലൈഫ് ഭവനപദ്ധതിക്ക് പുറമെ 52 വാസയോഗ്യമല്ലാത്ത ഭവനങ്ങൾ വാസയോഗ്യമാക്കാനുള്ള പദ്ധതി, ജലജീവൻ മിഷൻ, പൊതുക്കുളങ്ങളുടെ പുനരുദ്ധാരണം, ഓട്ടോറിക്ഷ വിതരണം, ഭിന്നശേഷിക്കാർക്ക് പെട്ടിക്കട, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
വീടുകൾക്കും സ്ഥാപനങ്ങൾക്കും ജൈവമാലിന്യ സംസ്കരണം, സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും സ്ത്രീ പദവി പഠനം, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുളള പദ്ധതികൾ, പാലിയേറ്റീവ് കെയർ, പാഥേയം പദ്ധതികൾക്ക് പുറമെ വൃദ്ധജനങ്ങൾക്ക് കട്ടിൽ, സഹായ ഉപകരണങ്ങൾ, ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേക പദ്ധതികൾ എന്നിവയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.