പോത്തൻകോട്: ഒരു ഇടവേളയ്ക്ക് ശേഷം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞദിവസം പോത്തൻകോട് നാല് ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങൾക്ക് പിന്നാലെയാണ് മംഗലപുരം വാലിക്കോണം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചുറ്റിലും ഉണ്ടായിരുന്ന 30 തൂക്കുവിളക്കുകളും 2 നിലവിളക്കുകളും മോഷണം പോയി. കൊടിമര വിളക്കിന്റെ മേൽമൂടി ഇളക്കിയെങ്കിലും ഭാരം കാരണം കടത്തിക്കൊണ്ടുപോകാൻ കഴിയാതെ ഉപേക്ഷിച്ചു.

ഇന്നലെ വെളുപ്പിന് ഒന്നിനായിരുന്നു മോഷണം നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.