കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാവായിക്കുളം-പള്ളിൽ പി.ഡബ്ല്യൂ റോഡിൽ വെള്ളൂർക്കോണം മുസ്ലിം ജമാ അത്ത് പള്ളിക്ക് സമീപം എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ നിർമാണം സമീപത്തെ വസ്തു ഉടമയും ബന്ധുക്കളും അനാവശ്യ വിവാദങ്ങൾ ഉയർത്തി തടസപ്പെടുത്തുന്നതായി പരാതി. ഒന്നാംഘട്ടം പണി പൂർത്തിയായപ്പോഴാണ് പ്രവാസിയായ സ്വകാര്യ വ്യക്തി താൻ ഷോപ്പിംഗ് കോംപ്ലക്സ് പണിഞ്ഞാൽ കട മറഞ്ഞു പോകും എന്ന വാദം ഉന്നയിച്ച് രംഗത്തെത്തിയത്.പൊതുജനങ്ങൾ പിരിവെടുത്ത് സ്ഥാപിച്ച താത്കാലിക ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നെങ്കിലും അത് തകർന്ന ശേഷം സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു.വി.ജോയി എം.എൽ.എയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് 2019ലാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്.കൊവിഡ് മൂലം പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ചതിനാൽ ബസ് സ്റ്റാൻഡ് നിർമ്മാണം നീണ്ടുപോയി. 3 വർഷങ്ങൾക്ക് ശേഷമാണ് കിളിമാനൂർ ബ്ലോക്ക് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചത്.പകുതിയോളം നിർമ്മാണം നടത്തിയ ബസ് സ്റ്റാൻഡ് പൂർത്തീകരിക്കുന്നതിനായി സമീപവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും അധികാരികൾക്കും നിവേദനം നൽകി.ബസ് സ്റ്റാൻഡ് നിർമ്മാണത്തെ എതിർക്കുന്ന വ്യക്തിയുടെ പുരയിടത്തിൽ റവന്യൂ പുറമ്പോക്ക് ഉണ്ടെന്ന്‍ ആക്ഷൻ കമ്മിറ്റി ആരോപിച്ചു.നാവായിക്കുളം -പള്ളിക്കൽ റോഡിലെ ഇരുവശത്തുമുള്ള റവന്യൂ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.