ചിറയിൻകീഴ്: ശാർക്കര ക്ഷേത്രം - പണ്ടകശാല റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെയായി. ദിനം പ്രതി ചെറുതും വലുതുമായി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഗേറ്റിൽ ഓവർബ്രിഡ്ജ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ചിറയിൻകീഴ് - കടയ്ക്കാവൂർ റൂട്ടിലെ പ്രൈവറ്റ് ബസുകളടക്കം ഇതുവഴിയാണ് പോകുന്നത്.

മാത്രവുമല്ല ശാർക്കര ക്ഷേത്രത്തിലെത്തുന്ന റോഡ് കൂടിയാണിത്. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടികളെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

ഓവർബ്രിഡ്ജ് നിർമാണം അന്തിമ ഘട്ടത്തിലെത്തുമ്പോൾ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഗേറ്റ് പൂർണമായും കുറച്ച് നാളെത്തേക്ക് അടച്ചിടേണ്ടിവരുമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഇതിലുംകൂടുതൽ വാഹനങ്ങൾ ശാർക്കര - പണ്ടകശാല റോഡിനെ ആശ്രയിക്കേണ്ടിവരും. അപ്പോഴും റോഡിന്റെ അവസ്ഥ ഇതാണെങ്കിൽ യാത്രക്കാരുടെ ദുരിതം കൂടും. അടിയന്തരമായി ഇവിടെ റോഡ് പണി ആരംഭിച്ച് സഞ്ചാരം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദിനവും സഞ്ചരിക്കുന്നത് - നൂറ് കണക്കിന് വാഹനങ്ങൾ

റോഡിൽ കാൽനട യാത്ര പോലും ദുസ്സഹം

റോഡിന്റെ അവസ്ഥ

ഈ റോഡിന്റെ പല ഭാഗത്തും മെറ്റലുകൾ ഇളകി മാറി കുഴികളും ഗർത്തങ്ങളും രൂപാന്തരപ്പെട്ടു. കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരും കുറവല്ല. മഴക്കാലമായാൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് റോഡേത് കുഴിയേത് എന്നറിയാൻ പറ്റാത്ത അവസ്ഥയാണ്. മാത്രവുമല്ല ഈ റോഡിന്റെ പല ഭാഗത്തും ഓടയിലെ സ്ലാബുകൾ വലിയ വാഹനങ്ങൾ കയറി പൊളിഞ്ഞിരിക്കുകയാണ്.

ഫണ്ട് അനുവദിച്ചിട്ടും

ഓവർബ്രിഡ്ജ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഈ റോഡ് അടിയന്തരമായി ശരിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കൊവിഡ് കാലത്തിന് ശേഷം 52 ലക്ഷം രൂപയ്ക്ക് കരാറായെങ്കിലും നിർമാണം നീളുകയായിരുന്നു. തുടർന്ന് സ്പിൽഓവർ വഴി നാല് ലക്ഷം രൂപ കൂടി അനുവദിച്ച് 56 ലക്ഷം രൂപയ്ക്ക് കരാറുകാരന് കരാർ പുതുക്കി നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.