
തിരുവനന്തപുരം: പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം എന്നിവയെക്കുറിച്ച് സാധാരണക്കാർക്ക് പരാതിപ്പെടാനും സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനും കഴിയുന്ന ലോകായുക്തയുടെ പല്ലും നഖവും നിയമഭേദഗതിയിലൂടെ കൊഴിച്ചാൽ അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് തിരിച്ചടിയാവും.
മുൻപ് അഴിമതിയെക്കുറിച്ച് പരാതികിട്ടിയാൽ വിജിലൻസിന് കേസെടുക്കാമായിരുന്നു. ഭേദഗതി വന്നതോടെ, വിജിലൻസിന് സർക്കാർ അനുമതിയില്ലാതെ കേസെടുക്കാനാവില്ല. വിജിലൻസ് കോടതിക്ക് കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണം. ലോകായുക്തയിലാവട്ടെ, വെള്ളപേപ്പറിൽ 150രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് പരാതി നൽകാം.
സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുൻ ചീഫ്ജസ്റ്റിസ് തലവനായും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തയും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള സമിതിയാണ് ലോകായുക്ത. പൊലീസ് ഐ.ജി തലവനായ ഏജൻസി അന്വേഷിച്ച് അഴിമതി കണ്ടെത്തും. ഇരുകക്ഷികളുടെയും വാദംകേട്ടും തെളിവെടുത്തും ലോകായുക്ത പുറപ്പെടുവിക്കുന്ന ഉത്തരവാണ് മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, നിയമ-റവന്യു മന്ത്രിമാർ എന്നിവരുടെ സമിതി പുനഃപരിശോധിക്കുന്നത്. സമിതിക്ക് ഇത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്ന ഭേദഗതി വരുന്നതോടെ ലോകായുക്തയുടെ ഉത്തരവുകൾ വെറും ശുപാർശയാവും. ലോകായുക്ത നടപടികൾക്കെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകാമെന്നിരിക്കെയാണ്, ഭരണാധികാരികളുടെ സമിതി ഈ അധികാരം ഏറ്റെടുക്കുന്നത്.
പൊതുസേവകനെതിരേ ആരോപണം തെളിയുകയും ജോലിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത പ്രഖ്യാപിക്കുകയും ചെയ്താൽ ഉടനടി രാജിവയ്ക്കണമെന്ന പതിന്നാലാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഇത്തരം ഉത്തരവുകൾ ഉന്നതസമിതി പുനഃപരിശോധിക്കും.
 ലോകായുക്തയുടെ ഓഫീസിന് പ്രതിവർഷം സർക്കാർ ചെലവിടുന്നത് - 4.08കോടി
 ലോകായുക്തയുടെയും ഉപലോകായുക്തയുടെയും വാർഷിക ശമ്പളം - 56.68 ലക്ഷം
കേസുകൾ കുറയുന്നു
 2016ൽ-1264
 2017ൽ-1673
 2018ൽ-1578
 2019ൽ- 1057
 2020ൽ-205
 2021ൽ-227
 2022ൽ-16 (മാർച്ച് വരെ)
ലോകായുക്തയിൽ എന്തൊക്കെ
 അഴിമതി, സ്വജനപക്ഷപാതം, ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്യൽ, പൊതുസേവകരുടെ ദുർഭരണം, നീതിനിഷേധം, സ്വഭാവനിഷ്ഠയില്ലാത്ത പ്രവൃത്തികൾ, അഴിമതിക്കോ സ്വാർത്ഥതാത്പര്യത്തിനോ പദവി ഉപയോഗിക്കൽ തുടങ്ങിയ പരാതികളെല്ലാം സ്വീകരിക്കും. വക്കീലിനെ വയ്ക്കാൻ പണമില്ലെങ്കിൽ സ്വന്തമായി വാദിക്കാം.
 മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങളും ഭരണ നടപടികളും അതിലെ വീഴ്ചകളും അന്വേഷിക്കാം. പരീക്ഷാഫലം വൈകുന്നത്, യുവജനോത്സവങ്ങളിൽ പങ്കെടുക്കാൻ എന്നിങ്ങനെ വിദ്യാർത്ഥികളുടെ ഹർജികളുമെത്താറുണ്ട്.
സർക്കാരിന്റെ വാദങ്ങൾ
 ലോകായുക്തയ്ക്ക് ഭരണഘടനാ സംവിധാനങ്ങളെ അയോഗ്യമാക്കാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇത്തരം ശുപാർശ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥ ലോകത്തെവിടെയുമില്ല. ലോകായുക്തയുടെ ഒരു അധികാരവും എടുത്തുകളഞ്ഞിട്ടില്ല.
ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥയാണ് ഭരണഘടനാനുസൃതമായി മാറ്റിയത്. നിയമസഭയ്ക്ക് ഏത് സമയത്തും നിയമങ്ങൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കാം.