gh

ശിവഗിരി: ശിവഗിരി മഹാസമാധി മന്ദിരത്തിൽ ശ്രീനാരായണ മാസാചരണം ഗുരുപൂജയോടെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്‌തു. ഗുരുദേവ ജയന്തി, ഗുരുദേവ മഹാസമാധി ദിനം, ചട്ടമ്പിസ്വാമി ജയന്തി, അഷ്ടമിരോഹിണി, അയ്യങ്കാളി ജന്മദിനം, സഹോദരൻ അയ്യപ്പൻ ജന്മദിനം, സത്യവ്രതസ്വാമി സമാധിദിനം, വിനായകചതുർത്ഥി തുടങ്ങിയ പുണ്യദിനങ്ങൾ ഉൾപ്പെടെയുള്ള ചിങ്ങം 1 മുതൽ കന്നി 9 ബോധാനന്ദ സ്വാമി സമാധിദിനം വരെയുള്ള ദിവസങ്ങൾ ശ്രീനാരായണ മാസാചരണവും ബ്രഹ്മചര്യയജ്ഞവുമായി ഗുരുഭക്തർ ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാത്മാക്കളുടെ ജയന്തി, മഹാസമാധി ദിനങ്ങൾ കൂടാതെ കുടുംബയോഗങ്ങളും പ്രാർത്ഥനായോഗങ്ങളും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി വ്യക്തമാക്കി. മഹാസമാധിയിൽ നടന്ന ഗുരുപൂജയിൽ സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി ത്രിരത്ന തീർത്ഥർ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ദേവചൈതന്യ, സ്വാമി ദേശികാനന്ദ ഗിരി, സ്വാമി ഹൃദാനന്ദ പുരി ( രാമകൃഷ്ണാശ്രമം), സ്വാമി സാന്ദ്രാനന്ദ, സ്വാമി വേദതീർത്ഥ, അഡ്വ.എ. മനോജ്, ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.