
തിരുവനന്തപുരം: ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ ഓർഡിനറി സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കാൻ മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ചർച്ച ഇന്നും തുടരും.
മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആക്ട് 1961, കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് റൂൾ 1962 എന്നിവ പ്രകാരം ഡ്യൂട്ടി ക്രമീകരിക്കണമെന്നാണ് മന്ത്രിമാരും മാനേജ്‌മെന്റും ആവശ്യപ്പെട്ടത്. ഇതുപ്രകാരം ദിവസം എട്ടുമണിക്കൂറാണ് ഡ്യൂട്ടി. ഇതിനുശേഷം ജോലി ചെയ്യുന്ന സമയത്തിന് അടിസ്ഥാന വേതനത്തിന്റെ ഒന്നര ഇരട്ടി ശമ്പളം നൽകും. ആഴ്ചയിൽ ആറുദിവസവും ജീവനക്കാർ ജോലിക്ക് എത്തണം. എന്നാൽ ഇത് അംഗീകരിക്കാൻ തൊഴിലാളി സംഘടനകൾ തയ്യാറായില്ല. 60 വർഷം മുമ്പുള്ള ചട്ടമാണെങ്കിലും ഇതുപ്രകാരം ഡ്യൂട്ടി ക്രമീകരിച്ചിരുന്നില്ലെന്നും വ്യവസ്ഥകൾ പരിശോധിക്കാൻ സമയം വേണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറിയാൽ ഒരു ഡ്രൈവറെയും കണ്ടക്ടറെയുംകൊണ്ട് ആറുദിവസം ഒരു ബസ് ഓടിക്കാനാവുമെന്നും ചെലവ് കുറയുന്നതിലൂടെ 39 കോടി പ്രതിമാസം അധികമായി സമാഹരിക്കാമെന്നുമാണ് മാനേജ്മെന്റ് വാദം. മൂന്ന് അംഗീകൃത യൂണിയനുകളിൽ നിന്നായി 300 തൊഴിലാളി നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കുന്നുണ്ട്. ഇത് കുറയ്ക്കണമെന്ന നിർദ്ദേശവും മാനേജ്‌മെന്റ് മുന്നോട്ടുവച്ചു. ഡ്യൂട്ടി സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ 250 കോടിയുടെ സാമ്പത്തിക സഹായം ഉറപ്പുനൽകുന്ന പാക്കേജിന് സർക്കാർ അംഗീകാരം നൽകുമെന്ന് മന്ത്രിമാർ പറഞ്ഞു.
ശമ്പളം മുടങ്ങരുത്
ശമ്പളം മുടങ്ങാതെ നൽകണമെന്ന് ചർച്ചയിൽനേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ സഹായം ലഭിച്ചാലുടൻ നൽകാമെന്ന്മന്ത്രി ആന്റണി രാജുഉറപ്പുനൽകി.