സെപ്‌തംബറോടെ പുനരാരംഭിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിറുത്തിവച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മഴക്കാലമായതിനാൽ മൂന്നുമാസമായി നിർമ്മാണം നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ പുരോഗതി വിലയിരുത്തുന്ന പ്രതിമാസ അവലോകന യോഗം ഇന്നലെ മന്ത്രിയുടെ ചേംബറിൽ ചേർന്നു. നിർമ്മാണം സെപ്‌തംബറോടെ പുനരാരംഭിക്കാനാണ് തീരുമാനം. അടുത്ത സീസണിലേക്കുള്ള പാറയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗം പരിശോധിച്ചു. കൂടുതൽ ക്വാറികളിലൂടെ പാറയുടെ ലഭ്യത വർദ്ധിപ്പിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ മിക്കതും വിഴിഞ്ഞം തുറമുഖവുമായി നേരിട്ട് ബന്ധമുള്ളതല്ലെങ്കിലും ന്യായമായ ആവശ്യങ്ങളിൽ വകുപ്പുതല ഏകോപനം നടത്തി പരിഹാരം കാണാനും ധാരണയായി. ജില്ലാ ഭരണകൂടം ഇതിനോടകം സമരനേതൃത്വത്തെ ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു വിസ്വാൾ, വിസിൽ എം.ഡി ഗോപാലകൃഷ്‌ണൻ, വിസിൽ സി.ഇ.ഒ ഡോ. ജയകുമാർ, നിർമ്മാണ കമ്പനി സി.ഇ.ഒ രാജേഷ് ഝാ, പോർട്ട് ഓപ്പറേറ്റിംഗ് ഓഫീസർ സുശീൽ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.