തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ കീഴിലുള്ള റോഡുകളുടെ നിർമ്മാണത്തിൽ ഗുണനിലവാരമുള്ള സാമഗ്രികൾ എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന അതേ അളവിൽ ചേർത്തിട്ടില്ലെന്നതുൾപ്പെടെ വൻ ക്രമക്കേടുകൾ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. നിർമ്മാണ പ്രവൃത്തികളിൽ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുന്നു. ദേശീയപാത, പൊതുമരാമത്ത്, തദ്ദേശ സ്ഥാപന വിഭാഗങ്ങളുടെ കീഴിലുള്ള 116 റോഡുകളിലായിരുന്നു 'ഓപ്പറേഷൻ സരൾ രാസ്ത 2' എന്ന പേരിലുള്ള പരിശോധന.

പുതിയ റോഡുകളിൽ ഗ്രേഡ് മെറ്റലും നിശ്ചിത അളവിൽ ടാറും ഉപയോഗിക്കാതെയാണ് നിർമ്മാണമെന്നും കണ്ടെത്തി. ഇത് റോഡുകളുടെ ആയുസ് കുറയാനും കുഴികൾ രൂപപ്പെടാനും ഇടയാക്കും. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ തകർന്ന റോഡുകൾ തിരഞ്ഞെടുത്ത് ടാറിന്റെ കോർ കട്ട് സാമ്പിളുകൾ ശേഖരിച്ചു.

ഓരോ ലെയറിന്റെയും ചേരുവകൾ എന്തൊക്കെയാണെന്നും അവ എപ്രകാരം മിക്സ് ചെയ്തിരിക്കുന്നുവെന്നും മനസിലാക്കാൻ സാമ്പിളുകൾ ലാബിലേക്ക് അയച്ചു. റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്താൽ എംബുക്ക് ഒത്തു നോക്കി ക്രമക്കേടുകളിൽ വ്യക്തത വരുത്തും. കരാറുകാർക്ക് കൂടുതൽ തുക നൽകിയിട്ടുണ്ടോയെന്നും ടെൻഡർ പ്രകാരമുള്ള ഗുണനിലവാരത്തിലാണോ പണി പൂർത്തീകരിച്ചതെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. റോഡുകൾ മാസങ്ങൾക്കകം പൊളിയുന്നതുൾപ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് ഇന്റലിജൻസ് വിഭാഗം എസ്.പി ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിലുള്ള പരിശോധന.

കണ്ടെത്തിയ മറ്റ്

ക്രമക്കേടുകൾ

റോഡ് നിർമ്മാണത്തിൽ ഓരോ ലെയറിന്റെയും കനം ടെൻഡർ പ്രകാരമല്ലാതെ നിർമ്മിച്ചശേഷം എൻജിനിയർമാരുമായി ഒത്തുകളിച്ച് എംബുക്കിൽ തിരിമറി നടത്തി ബില്ല് മാറുന്നു

കരാറുകാരുടെ തോന്നുംപടിയുള്ള അറ്റകുറ്റപ്പണി കാരണം വാറന്റി കാലാവധിക്കുള്ളിൽതന്നെ റോഡുകൾ തകരുന്നു.

ആറു മാസങ്ങൾക്കുശേഷം എൻജിനിയർമാർ വീണ്ടും ടെൻഡറുകൾ നൽകുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നു.

പരിശോധിച്ച റോഡുകൾ

തിരുവനന്തപുരം-15, കൊല്ലം-6, പത്തനംതിട്ട-8, ആലപ്പുഴ-5, കോട്ടയം-3, ഇടുക്കി-3, എറണാകുളം-5, തൃശൂർ-3, പാലക്കാട്-3, മലപ്പുറം-4, കോഴിക്കോട്-17, വയനാട്- 6, കണ്ണൂർ-32, കാസർകോട്-6.


അഴിമതി അറിയിക്കാം

ടോൾ ഫ്രീ നമ്പർ- 1064, 8592900900

വാട്സ് ആപ്പ് നമ്പർ- 9447789100