തിരുവനന്തപുരം: പാർട്ടിക്കാരുടെ നിറസാന്നിദ്ധ്യത്തിൽ എ.കെ.ജി സെന്ററിലെ റിസപ്‌ഷനിസ്റ്റിന്റെ ചാർജ്ജുണ്ടായിരുന്ന ഒ.ഗോപിനാഥന്റെ നവതി ആഘോഷം മാസ്‌കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റുകാരനായ ഗോപിനാഥൻ കണ്ടാൽ കാർക്കശ്യക്കാരനെന്ന് തോന്നുമെങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ടയാളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക വസതി കിട്ടാത്തതിനാൽ കോട്ടൺഹിൽ സ്‌കൂളിൽ പഠിച്ചിരുന്ന മകൾ വീണ ഗോപിനാഥന്റെ വീട്ടിൽ നിന്ന് പഠിച്ചത് മുഖ്യമന്ത്രി ഓർത്തെടുത്തു.വിമെൻസ് കോളേജിലെ പ്രൊഫസറായിരുന്ന ഗോപിനാഥന്റെ ഭാര്യയാണ് വീണ കോളേജിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് പഠിപ്പിച്ചത്. ഇരു കുടുംബങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ഓർത്തെടുത്തു.ജോൺ ബ്രിട്ടാസ് എം.പി അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, കടകംപള്ളി സുരേന്ദ്രൻ, പുത്തലേത്ത് ദിനേശൻ, സോമപ്രസാദ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബസമേതം നവതി ആഘോഷത്തിനെത്തിയ മുഖ്യമന്ത്രി ഗോപിനാഥനൊപ്പം സദ്യയും കഴിച്ചാണ് മടങ്ങിയത്.