തിരുവനന്തപുരം: ഗുരു എന്ന ദൈവത്തിന്റെ തൃക്കൈകളാൽ രൂപംകൊണ്ടതാണ് എസ്.എൻ.ഡി.പി യോഗമെന്നും അതിനെ തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും ഈയാംപാറ്റകളെപ്പോലെ ചിറകറ്റുവീഴുമെന്നതാണ് ചരിത്രമെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം വാർഷികവും അവാർഡ് ദാനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
23 ലക്ഷം വരുന്ന യോഗം അംഗങ്ങൾക്കെല്ലാം വോട്ടവകാശം നൽകിയാൽ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ കോടിക്കണക്കിന് രൂപ വേണ്ടിവരും. തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പ് നടന്നാൽ യോഗത്തിന്റെ സാമ്പത്തികനില പരുങ്ങലിലാകും. ഇത്തരത്തിൽ യോഗത്തെ തകർക്കാമെന്നാണ് ചിലരുടെ വ്യാമോഹം. യോഗത്തിന്റെ പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോലത്തുകര ശാഖ പ്രസിഡന്റ് കോലത്തുകര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ, യോഗം കൗൺസിലർ ഡി.വിപിൻ രാജ്, പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, ജി.ശിവദാസൻ, ചേന്തി അനിൽ, സതീഷ് ബാബു, ഡോ.ബെന്നി പി.വി, വി.മോഹൻദാസ്, രാജീവ്, കടകംപള്ളി സനൽ, കെ.വി.അനിൽകുമാർ, മണപ്പുറം ബി.തുളസീധരൻ, പി.സുരേഷ്ബാബു, രമേശൻ തെക്കേയറ്റം,മധുസൂദനൻ,സുനിൽകുമാർ.ആർ.സത്യനേശൻ,സുഭാഷ് ഭാസ്‌കരൻ ,എൻ.മോഹൻദാസ്, ജീവ ധർമ്മരാജൻ,രാജലക്ഷ്മി,വിജയാംബിക ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വെള്ളാപ്പള്ളി ചാരിറ്റി സെന്റർ നൽകിയ ഓണക്കോടി വിതരണം ചെയ്തു. ശാഖാ സെക്രട്ടറി സി. പ്രമോദ് സ്വാഗതവും യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രണവ് കോലത്തുകര നന്ദിയും പറഞ്ഞു.