
തിരുവനന്തപുരം: കർഷക ദിനത്തിൽ കേരളത്തിലെ ആദ്യ സ്വകാര്യ വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രം പദ്ധതിക്ക് നിംസ് മെഡിസിറ്റിയിൽ തുടക്കം കുറിച്ചു. നിംസ് ഗ്രീൻ ഇൻഡസ്ട്രിയൽ റെവല്യൂഷൻ (ജി.ഐ.ആർ) സംരംഭത്തിന്റെ ഭാഗമായാണ് വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. വാഴയുടെ നാരുപയോഗിച്ച് സ്വാഭാവിക കളറിൽ വാഴനാരിലുള്ള സാരികൾ, ഷർട്ടുകൾ, മറ്റു തുണിത്തരങ്ങൾ, ബാഗ് തുടങ്ങിയവ ഈ കേന്ദ്രത്തിൽ നിർമ്മിക്കാനാകും. ഉത്പന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കാനും നിരവധി പേർക്ക് ജോലി നൽകാനും ഈ കേന്ദ്രത്തിലൂടെ കഴിയും.
പദ്ധതിയുടെ ഭാഗമായി നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോക്ടർ എ.പി. മജീദ് ഖാൻ ആയിരം വാഴകളുടെ നടീൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കോ വാഷ് ആൻഡ് സയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാനും പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ എൻ.ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു. നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കർഷകരെയും ചടങ്ങിൽ ആദരിച്ചു.എൻ.കെ. ശശി, മുണ്ടക്കൽ രാജേഷ്, പി.എൻ. ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേറ്റർ ലേഖ, നിംസ് ട്രസ്റ്റ് മാനേജർ മുരളീകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവ് കുമാർ രാജ്, നിംസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.