വെമ്പായം: 71-ാംമത് ആൾ ഇന്ത്യാ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പിരപ്പൻകോട് ഡോ. ബി.ആർ. അംബേദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിച്ചു. സ്വിമ്മിങ്ങ് കോംപ്ലക്സ് ഗാലറിയിൽ പ്രത്യേകമായി തയാറാക്കിയ വേദിയിലാണ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നത്. ഒളിമ്പ്യനും കേരള പൊലീസ് താരവുമായ അസിസ്റ്റന്റ് കമാൻഡർ സജൻ പ്രകാശിന് മുഖ്യമന്ത്റി ദീപശിഖ കൈമാറി. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 27 ടീമിലെ 682 മത്സരാർത്ഥികൾ മാർച്ച് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് സൂര്യകൃഷ്ണമൂർത്തിയും സംഘവും പരിപാടികൾ അവതരിപ്പിച്ചു. 21 വരെ ചാമ്പ്യൻഷിപ്പ് തുടരും. മത്സരങ്ങളുടെ ഭാഗമായി ക്രോസ് കൺട്രി റെയ്സ് ശനിയാഴ്ച രാവിലെ 6.30 ന് ശംഖുംമുഖത്ത് നിന്നും ആരംഭിച്ച് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കും.