
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള പ്രശ്ന പരിഹാരത്തിന് മന്ത്രിസഭ ഉപസമിതി 22ന് ചേരാനിരിക്കെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് മൃഗസംരക്ഷണ വകുപ്പ്. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള 17.5 ഏക്കർ ഭൂമിയിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി. മുട്ടത്തറയിലല്ലാതെ മറ്റൊരിടത്ത് പുനരധിവാസം ഒരുക്കുന്നതിനോട് മത്സ്യത്തൊഴിലാളികൾക്ക് താത്പര്യമില്ല. പകരം സ്ഥലം കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. റവന്യൂ,തദ്ദേശസ്വയംഭരണം,തുറമുഖം,ഫിഷറീസ്,മൃഗസംരക്ഷണം വകുപ്പുകളിലെ മന്ത്രിമാരാണ് മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങൾ. വീട് നഷ്ടപ്പെട്ടവരുടെ വിവരശേഖരണം നടത്തണമെന്ന് കളക്ടർ തഹസിൽദാർമാരോട് ഇന്നലെ ആവശ്യപ്പെട്ടു. ക്യാമ്പുകളിലെത്തി വിവരങ്ങൾ ശേഖരിക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശം. പ്രശ്നം പരിഹരിച്ച് ഓണത്തിന് മുമ്പ് തുറമുഖ നിർമ്മാണം പുനരാരംഭിക്കാനാണ് സർക്കാർ നീക്കം. ഒരാഴ്ചക്കകം സമരം കെട്ടടങ്ങുമെന്നാണ് തുറമുഖ വകുപ്പിന്റെ കണക്കുകൂട്ടൽ.
റിപ്പോർട്ട് വരുന്നതുവരെ കാക്കണം
അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച 7525 കോടി രൂപയുടെ തുറമുഖ നിർമ്മാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുക എളുപ്പമല്ലെന്നാണ് സർക്കാർ നിലപാട്. നഷ്ടപരിഹാരവും കേസും താങ്ങാവുന്നതിലും അധികമാകും.ഓഫീസ് ജോലികളടക്കം നിറുത്തിവച്ച അദാനി ഗ്രൂപ്പ് കവാടം ഉപരോധിച്ചുള്ള സമരമടക്കമുള്ള വിഷയം ആർബിട്രേഷനിൽ ചൂണ്ടിക്കാട്ടുമെന്നും സർക്കാരിന് ഭയമുണ്ട്. വികസന
നിക്ഷേപ സാദ്ധ്യതകൾക്ക് ഇത് തിരിച്ചടിയാകും. കടലേറ്റത്തിന് കാരണമെന്ന് ആക്ഷേപിക്കുന്ന പുലിമുട്ട് നിർമ്മാണം ആകെയുള്ള 3100 മീറ്ററിൽ 1350 മീറ്ററാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.1800 മീറ്റർ പൂർത്തീകരിക്കാൻ 23 ലക്ഷം ടൺ കല്ലാണ് വേണ്ടത്. ഇതിൽ 13 ലക്ഷം അദാനി ഗ്രൂപ്പിന്റെ കൈവശമുണ്ട്.വലിയതുറ,ശംഖുംമുഖം ഉൾപ്പെടെ പല തീരങ്ങളും വീണ്ടെടുക്കാനാകാതെ അപ്രത്യക്ഷമായിട്ടുണ്ട്. പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ (സി.ഡബ്ല്യു.പി.ആർ.എസ്) പഠനത്തിൽ തുറമുഖ നിർമാണമല്ല തീരശോഷണത്തിന് കാരണമെന്ന് പറയുന്നതായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനവും ഇതിൽ പങ്കുവഹിക്കുന്നുണ്ട്.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം രൂപവത്കരിച്ച സമിതിയും വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് വരുന്നതുവരെ കാക്കണമെന്നാണ് സർക്കാർ നിലപാട്.