photo

പീഡനക്കേസുകളിൽ അതിജീവിതയുടെ മാന്യതയ്ക്കും അന്തസിനും കോട്ടം തട്ടുന്ന ചെറിയൊരു ചലനം പോലും കോടതിമുറിയിൽ ഉണ്ടാകാൻ പാടില്ലെന്ന് സുപ്രീംകോടതിയുടെ കർക്കശ നിർദ്ദേശം വന്നിട്ട് ഒരാഴ്ചപോലുമായില്ല. അതിജീവിതയുടെ വിചാരണ രഹസ്യമായി വേണം
നടത്താനെന്നും അവർക്ക് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങളോ നടപടികളോ ഉണ്ടാകാതെ നോക്കേണ്ട ബാദ്ധ്യത വിചാരണ കോടതിക്കുണ്ടെന്നും പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാനഭംഗ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ കോഴിക്കോട് സെഷൻസ് കോടതിയിൽ നിന്നുണ്ടായ ഒരു പരാമർശം സമൂഹത്തിന് നല്ല സന്ദേശമല്ല പകരുന്നത്. ആരോപണ വിധേയമായ സംഭവം നടക്കുമ്പോൾ പരാതിക്കാരി ധരിച്ചിരുന്ന വസ്‌ത്രം പ്രകോപനം സൃഷ്ടിക്കാൻ പോരുന്ന വിധത്തിലുള്ളതായിരുന്നുവെന്നും അതുവച്ചു നോക്കിയാൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നുമാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്. ഏതു കേസിലും മുൻകൂർ ജാമ്യം നൽകുന്നതും നൽകാതിരിക്കുന്നതും കോടതിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യമാണ്. എന്നാൽ പരാതിക്കാധാരമായ കൃത്യം നടക്കുന്ന സമയത്ത് ഇര ധരിച്ചിരുന്ന വേഷം കുറ്റകൃത്യവുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. സെഷൻസ് കോടതി പരാമർശത്തിനെതിരെ നിയമരംഗത്തു പ്രവർത്തിക്കുന്നവരിൽ നിന്നുൾപ്പെടെ വ്യാപകമായ പ്രതിഷേധം ഉയരുന്നതും അതുകൊണ്ടാണ്. മാസങ്ങൾക്കു മുൻപ് ബോംബെ ഹൈക്കോടതിയിൽ നിന്നുണ്ടായ അതിവിചിത്രവും നിയമത്തിനു നിരക്കാത്തതുമായ ഒരു വിധിയെ ഓർമ്മിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ധരിച്ചിരുന്ന വസ്‌ത്രത്തിനു പുറത്തുകൂടിയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നതിനാൽ പ്രതിയെ കുറ്റവിമുക്തനാക്കുകയാണ് ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്‌ജി ചെയ്തത്. സുപ്രീംകോടതി പിന്നീട് ഈ വിവാദ വിധി അസ്ഥിരപ്പെടുത്തിയെന്നത് മറ്റൊരു കാര്യം. വനിതാ ജഡ്‌ജിക്ക് സ്ഥിരം നിയമനം നിഷേധിക്കുകയും ചെയ്തു.

കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ ഉത്തരവും മേൽ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്നു തീർച്ചയാണ്. പരാതിക്കാരിയും വനിതാ സംഘടനകളും അഭിഭാഷകരുമൊക്കെ അക്കാര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. സ്‌ത്രീസമൂഹത്തിന്റെ മാന്യതയെ ചോദ്യം ചെയ്യുന്ന വിവാദ പരാമർശം നീക്കിക്കിട്ടാൻ സംസ്ഥാന സർക്കാരിനു തന്നെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. സ്‌ത്രീകൾ ഒരിടത്തും അപമാനിക്കപ്പെടരുതെന്ന് നിഷ്ഠ പുലർത്തുന്ന സർക്കാരിന്റെ ചുമതല കൂടിയാണത്.

നീതിപീഠങ്ങൾ എപ്പോഴും സ്‌ത്രീസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാക്കുന്നതിൽ ഒരുവിധ വിട്ടുവീഴ്ചയും കാണിക്കാറില്ല. വീട്ടിൽ ഭാര്യയോട് ക്രൂരമായി പെരുമാറുന്ന ഭർത്താവ് വീട് ഒഴിയണമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതിയിൽ നിന്നുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഭാര്യയെ മറ്റു സ്‌ത്രീകളുമായി താരതമ്യപ്പെടുത്തി നവവധുവിനെ മാനസികമായി തളർത്തിയ യുവാവിനെതിരെ യുവതിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് എവിടെയും ഇതുപോലുള്ള നിരവധി വിധിന്യായങ്ങൾ ഉണ്ടാകുമ്പോൾ വിചാരണ കോടതിയുടെ പരാമർശം അപസ്വരമായി മാറുന്നു.