നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അഭിമുഖ്യത്തിൽ ആകർഷകങ്ങളായ വിനോദ യാത്രാ പാക്കേജുകളൊരുക്കുന്നു. ഇതിന്റെ ഭാഗമായി ആറന്മുള വള്ളസദ്യക്ക് യാത്രക്കാർക്ക് പങ്കെടുക്കാനായി കെ.എസ്.ആർ.ടി.സി നേരിട്ട് ബുക്കിംഗ് നടത്തും.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തിരുചിറ്റാറ്റ് ക്ഷേത്രം, തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, തിരുവാറൻമുള പാർത്ഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം എന്നിവിടങ്ങളിലെ യാത്രയും പാക്കേജിന്റെ ഭാഗമാണ്. 20ന് ആദ്യത്തെ പഞ്ചപാണ്ഡവ - വള്ളസദ്യയാത്ര നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്.
സംഘാംഗങ്ങളെ ആറന്മുള ക്ഷേത്രത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 1150 രൂപയാണ് നിരക്ക്. ബുക്കിംഗിന് 9809494954.
21ന് പാലരുവി, തെന്മല എക്കോ ടൂറിസം കാഴ്ചകൾ ആസ്വദിക്കാനായി നെയ്യാറ്റിൻകരയിൽ നിന്നുള്ള ഏകദിന യാത്രയ്ക്ക് 1090 രൂപയാണ്. 27ന് പൊന്മുടിയിലേക്കും 28ന് തെന്മലയിലേക്കും വനിതകൾക്ക് മാത്രമുള്ള ഏകദിന യാത്രകൾ ഉണ്ടായിരിക്കും. ബുക്കിംഗിന് 98460 67232, 8078388133. നെയ്യാറ്റിൻകരയിൽ നിന്ന് കൊച്ചിയിൽ എ.സി ബസിൽ എത്തിച്ചേർന്ന് അറബിക്കടലിലൂടെയുള്ള ആഡംബരക്കപ്പൽ യാത്ര സെപ്തംബർ 4ന് നടക്കും. 3800 രൂപ മുതിർന്നവർക്കും 10 വയസിൽ താഴെ പ്രായമുള്ളവർക്ക് 2100 രൂപയുമാണ്(ബുക്കിംഗിന്: 9746150100, 9846067232). നെയ്യാറ്റിൻകരയിൽ നിന്ന് സെപ്തംബർ 3, 4 തീയതികളിലായി ദ്വിദിന കുമരകം, വാഗമൺ യാത്രയും ഉണ്ടായിരിക്കും. എല്ലാ ചെലവുകളും ഉൾപ്പെടെ 2950 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 8089399905, 9846067232 എന്നീ നമ്പറുകളിൽ അറിയിക്കാം.