
കടയ്ക്കാവൂർ: ദുരന്തം കൈവിടാതെ പിന്തുടരുന്ന കുടുംബം സുമനസുകളുടെ സഹായം തേടുന്നു. മണനാക്ക് സ്വദേശി മിനീഷയും കുടുംബവുമാണ് സഹായം തേടുന്നത്. മിനീഷയ്ക്ക് മൂന്ന് സഹോദരങ്ങൾ കൂടിയുണ്ട്. ഇതിൽ രണ്ട് പേർക്ക് ജന്മനാ പോളിയോ ബാധിച്ച് നടക്കാൻ ബുദ്ധിമുട്ടാണ്. മിനീഷയായിരുന്നു അമ്മയുടെ ഏക ആശ്വാസം. എന്നാൽ പള്ളിപ്പുറത്ത് വച്ച് മിനീഷയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടി ഒരു ബൈക്കുമായി കൂട്ടിയിടിച്ച് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. മിനീഷയുടെ മകളുടെ കൈക്കുഴയ്ക്ക് പൊട്ടലുണ്ടായി. മിനീഷയുടെ കാലിന്റെ എല്ല് പല കഷണങ്ങളായി പൊട്ടി.
എല്ലുകൾ മാംസം തുളച്ചു പുറത്തുവന്ന അവസ്ഥയിലാണ് മിനീഷയെ ഹോസ്‌പിറ്റലിൽ എത്തിച്ചത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തി കാലിൽ സ്റ്റീൽ റോഡുകൾ സ്ഥാപിച്ചെങ്കിലും അവ പുറത്തു കാണുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് കാലിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് മാംസം വെട്ടിയെടുത്ത് അവിടെ മൂന്ന് ലെയറുകളായി വച്ചുപിടിപ്പിക്കുകയായിരുന്നു.
രണ്ടുപേർക്കും കൂടി ചികിത്സയ്ക്കായി വലിയൊരു തുക ചെലവായി. എന്നാൽ ഇപ്പോൾ മാംസം വച്ചുപിടിപ്പിച്ച ഭാഗത്തെ മുറിവ് ഉണങ്ങാതെ അസഹ്യമായ വേദനയാൽ ബുദ്ധിമുട്ടുകയാണ് മിനീഷ. തുടർ ചികിത്സയായി പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. വിദേശത്ത് ജോലിയുണ്ടായിരുന്ന മിനീഷയുടെ ഭർത്താവ് ഷജീർ കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലാണ്. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചെലവാക്കിയാണ് ഇതുവരെ ചികിത്സ നടത്തിയത്. ആകെയുള്ള വീടും പുരയിടവും വിൽക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ. തുടർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. പള്ളിപ്പുറം കാനറാ ബാങ്കിൽ മിനീഷയുടെ പേരിൽ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ:5513101001822, Ifsc:CNRB0005513. ഫോൺ: 97453 63286.