വിതുര: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ബാലഗോകുലങ്ങളുടേയും, ശ്രീകൃഷ്ണസ്വാമിക്ഷേത്രങ്ങളുടേയും നേതൃത്വത്തിൽ വീഥികളെ അമ്പാടിയാക്കി ഭക്തിനിർഭരവും,വർണാഭവുമായ ശോഭയാത്ര നടന്നു. ശ്രീകൃഷ്ണന്റേയും,ഗോപികമാരുടേയും, കുചേലന്റേയും വേഷം ധരിച്ച അനവധി ബാലികാബാലകന്മാരും,വീട്ടമ്മമാരും,അലങ്കരിച്ച വാഹനങ്ങളും ശോഭയാത്രയിൽ അണിനിരന്നു. പ്രധാനകേന്ദ്രങ്ങളിൽ ഉറിയടിയുമുണ്ടായിരുന്നു.

ക്ഷേത്രങ്ങളിൽ പാൽപായസപൊങ്കാലയും നടന്നു. ശ്രീകൃഷ്ണസ്വാമിക്ഷേത്രങ്ങളിൽ ഇന്നലെ വൻതിരക്ക് അനുഭവപ്പെട്ടു.വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വിശേഷാൽപൂജ, ഭാഗവതപാരായണം, മഹാസുദർശനഹോമം, പാൽപൊങ്കാല, അന്നദാനം, മഹാസുദർശനഹോമം, നെയ്യാണ്ടിമേളം, ഉറിയടി, അലങ്കാരദീപാരാധന, താലപ്പൊലി, ഉരുൾ, മഹാസുദർശനഹോമം, ജൻമാഷ്ടമിപൂജ, അഭിഷേകം ശക്തിപൂജ എന്നിയുണ്ടായിരുന്നു.തൊളിക്കോട് ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം,പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രം,ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ അഷ്ടമിരോഹിണി ഉത്സവവും വിവിധ പരിപാടികളോടെയും ഘോഷയാത്രയോടും കൂടി സമാപിച്ചു.