vld-1

വെള്ളറട: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു. ബാലഗോകുലം വെള്ളറട മണ്ഡലത്തിലെ ശോഭായാത്ര പനച്ചമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ചൂണ്ടിക്കൽ വഴി വെള്ളറടയിലെത്തി. കിളിയൂർ മണ്ഡലത്തിലെ ശോഭായാത്ര പാട്ടംതലയ്ക്കൽ പ്ളാക്കോട്ടുകോണം മന്ത്രമൂർത്തി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി അഞ്ചുമരങ്കാല, പൊന്നമ്പി വഴി വെള്ളറട ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രായായി ചൂണ്ടിക്കൽ ഭദ്രകാളി ദേവീക്ഷേത്രത്തിൽ സമാപിച്ചു. കാരക്കോണം മണ്ഡലത്തിലെ ശോഭയാത്ര മുര്യത്തോട്ടം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കുന്നത്തുകാൽ വഴി മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ചെറിയകൊല്ല മണ്ഡലത്തിലേത് ചെറിയകൊല്ല പിറന്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി തോലടി അണ്ടൂർ കണ്ഠൻ ശാസ്താക്ഷേത്രത്തിലും സമാപിച്ചു. കുടപ്പനമൂട് മണ്ഡലത്തിലെ ശോഭായാത്ര കോവില്ലൂർ അമ്പലം ജംഗ്ഷനിൽ നിന്ന് തുടങ്ങി നുള്ളിയോട് ചുറ്റി കുടപ്പനമൂട് കഴുകാൽവട്ടം ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. ഒറ്റശേഖരമംഗലം, ആര്യങ്കോട്, കീഴാറൂർ എന്നിവിടങ്ങളിലും ശോഭായാത്രകൾ നടന്നു. ശ്രീകൃഷ്ണ വേഷമണിഞ്ഞ് നൂറുകണക്കിന് ബാലികാബാലൻമാർ ശോഭായാത്രയിൽ പങ്കെടുത്തു.