
തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുന്ന ബില്ലുകളോടും ഗവർണർ നിഷേധ നിലപാട് തുടർന്നാൽ സമ്മേളനം തന്നെ വൃഥാവിലാകാമെന്നിരിക്കെ പ്രകോപനത്തിന് മുതിരാതെയുള്ള അനുനയ നീക്കമാണ് സർക്കാരിന് മുന്നിലെ വഴി.
പതിനൊന്ന് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാനുള്ള ശുപാർശ അംഗീകരിക്കാതിരുന്ന ഗവർണർ, ബില്ലുകളോടും അതേ നിലപാടെടുത്താൽ കുഴയുക സർക്കാരാണ്. അതിനാൽ നേരിട്ട് ഗവർണറോട് ഏറ്റുമുട്ടാനില്ലെന്ന സൂചന ഇന്നലെ സർക്കാരിൽ നിന്നുണ്ടായി. ഡോ. പ്രിയ വർഗീസിന്റെ നിയമന നടപടികൾ മരവിപ്പിച്ച ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാല കൈക്കൊള്ളുന്ന നിയമ നടപടിയിൽ സർക്കാർ കക്ഷി ചേരില്ലെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി.
സർവകലാശാലകളിലെ വി.സി നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ തന്നെ ഇരുട്ടിൽ നിറുത്തി സർക്കാർ പാസാക്കാനൊരുങ്ങുന്നതിലെ പ്രതികാരം സഭ പാസാക്കുന്ന എല്ലാ ബില്ലുകളോടും ഗവർണർ കാട്ടിയാലത് ഭരണ സ്തംഭനത്തിലേക്ക് നീങ്ങാം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ മിൽമ ഭരണസമിതിയുമായി ബന്ധപ്പെട്ട സഹകരണ
ഭേദഗതി ബില്ലിലും സർവകലാശാലാ ട്രൈബ്യൂണൽ ബില്ലിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.അതേസമയം, ലോകായുക്ത ഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾ ആദ്യം അംഗീകരിച്ച സ്ഥിതിക്ക് അതടക്കമുള്ളവയ്ക്ക് ഗവർണർ അനുമതി നൽകിയേക്കുമെന്ന നേരിയ പ്രതീക്ഷ സർക്കാരിനുണ്ട്. സഭാ സമ്മേളനം വിളിച്ചതിനെ ഗവർണർ സ്വാഗതം ചെയ്തത് ശുഭ സൂചനയായി കാണുന്നുണ്ട്. എന്നാൽ ലോകായുക്ത ഭേദഗതി ബില്ലിൽ സി.പി.ഐ വച്ച പുതിയ ഭേദഗതി നിർദ്ദേശത്തിൽ ഗവർണർ ഉടക്കിടുമെന്നാണ് സൂചന.
ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല കോടതിയിൽ പോയാൽ യു.ഡി.എഫും നിയമവഴി തേടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചതോടെ, സർവകലാശാലാ വിവാദം നിയമ പോരാട്ടത്തിനും വഴി തുറക്കും.സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകളോടുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പ് നിയമസഭയെയും പ്രക്ഷുബ്ധമാക്കും. സർക്കാർ തന്ത്രപരമായ മൗനം പാലിക്കുമെങ്കിലും, രാഷ്ട്രീയാക്രമണം സി.പി.എമ്മും സി.പി.ഐയും ഗവർണർക്കെതിരെ കടുപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്ര ലേഖനത്തിലൂടെ ഇതിന്റെ സൂചന നൽകി.
'നിയമ നിർമ്മാണത്തിൽ ഇന്ത്യയിലേറ്റവും ഉന്നത സ്ഥാനമാണ് കേരള നിയമസഭയ്ക്ക്. എല്ലാ ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ഏക നിയമസഭയാണിത്".
- സ്പീക്കർ എം.ബി. രാജേഷ്
ഗവർണർ ബി.ജെ.പിയുടെ ചട്ടുകമായി: കോടിയേരി
ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഭരണകക്ഷിയും മോദി ഭരണവും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.
ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശാഠ്യം ബി.ജെ.പിയുടെ ചട്ടുകമായി അദ്ദേഹം പ്രവർത്തിക്കുന്നതിന്റെ ഭാഗമാണെന്നും, സി.പി.എം മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തി. എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും കോൺഗ്രസടക്കമുള്ളവരുടെയും ഗൂഢനീക്കത്തിനെതിരായ ജനകീയകൂട്ടായ്മയിൽ യു.ഡി.എഫിലെ ഘടകകക്ഷികൾക്കോ അണികൾക്കോ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി കേന്ദ്ര മന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശമനുസരിച്ചേ പ്രവർത്തിക്കാവൂവെന്നാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ. മന്ത്രിസഭയായ എക്സിക്യുട്ടീവ് പാർലമെന്റിനോടും നിയമസഭകളോടും കടപ്പെട്ടിരിക്കുന്നതാണ്. മന്ത്രിമാർ ചുമതലകൾ നിറവേറ്റുന്നത് ശരിയായിട്ടാണോയെന്ന് പരിശോധിക്കാൻ സംവിധാനമുണ്ട്. പൊതുതിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കും പരിശോധന നടത്താനവസരമുണ്ട്. ഭരണഘടനയിലെ 356–ാം വകുപ്പ് സംസ്ഥാനങ്ങളുടെമേൽ മുമ്പ് പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അത് പരീക്ഷിക്കാനിന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുന്നത്.
മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറി. എൽ.ഡി.എഫിനെ അസ്ഥിരപ്പെടുത്താൻ ആർ.എസ്.എസും ബി.ജെ.പിയും കൊലയാളി രാഷ്ട്രീയത്തെ ശരണം പ്രാപിച്ചിരിക്കുന്നതിന് തെളിവാണ് പാലക്കാട്ട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർ.എസ്.എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വക വരുത്തിയത്. രാജ്യത്ത് സമാധാനം പുലരാനാഗ്രഹിക്കുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രിയെങ്കിൽ,സംഘപരിവാർ കേരളത്തിൽ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താൻ അദ്ദേഹം ശബ്ദമുയർത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.