ആര്യനാട്: നൂറ്റാണ്ടിലെ ആദ്യ മഹാരുദ്ര ഭൈരവീ യാഗത്തിന് ആര്യനാട്ട് പരിസമാപ്തി. ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രം ഏഴ് നാളുകൾ യാഗശാലയായി മാറി. പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

യാഗമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ദീപം പകർന്നതോടെ ഭരതീയ യാജ്ഞിക ചരിത്രത്തിലെ ആദ്യ മഹായാഗത്തിന് ഭക്തിനിർഭരമായ തുടക്കം കുറിച്ചത്. സൂര്യവംശി അഖാഡ കേരള ചീഫ് ആചാര്യ രാജേന്ദ്രാനന്ദ സൂര്യവംശി,യാഗ ബ്രഹ്മൻ ആനന്ദ് നായർ, സ്വാമി പുഷ്പാഞ്ജലി, ചേങ്കോട്ടുകോണം ആശ്രമ പുരോഹിതൻ ബ്രഹ്മപാദാനന്ദ സരസ്വതി,മൂകാംബിക ആശ്രമ മഠാധിപതി സുന്ദരേശാനന്ദ,വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥ തുടങ്ങി വിവിധ മഠങ്ങളിലെ ആചാര്യശ്രേഷ്ഠന്മാർ,​ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിലെ തന്ത്രി കെ.രവീന്ദ്രൻ,​ക്ഷേത്ര മേൽശാന്തി മുണ്ടക്കയം പ്രസാദ് തന്ത്രി എന്നിവർ യാഗ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

മഹാരുദ്ര ഭൈരവീയാഗത്തിൽ മഹാശനീശ്വര ഹവനത്തിന് ആയിരങ്ങളാണ് സാക്ഷിയായത്.വിവിധ പ്രദേശങ്ങളിൽ നിന്ന് വിശ്വാസികൾ ശനിബാബയെ ദർശിക്കാനെത്തിയിരുന്നു.