തിരുവനന്തപുരം: റവന്യു ജില്ല ടി.ടി.ഐ പി.പി.ടി.ടി.ഐ കലോത്സവം ട്രെയിനിംഗിനിടെ തിരക്കുപിടിച്ച് നടത്തുന്നുവെന്ന് പരാതി. ഇന്നും 23നുമായി മണക്കാട് ഗവൺമെന്റ് വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് , മണക്കാട് ഗവൺമെന്റ് ടി.ടി.ഐ എന്നിവിടങ്ങളിലാണ് തിരുവനന്തപുരം റവന്യു ജില്ല ടി.ടി.ഐ കലോത്സവം നടക്കുന്നത്. ടീച്ചേഴ്സ് ട്രെയിനിംഗ് വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പും സ്‌കൂൾ ട്രെയിനിംഗും നടക്കുന്ന സമയമാണിതെന്നും ഇതിനിടെ ഒരു കലോത്സവം നടത്തുകയെന്നത് വെറും പ്രഹസനം മാത്രമാണെന്നുമാണ് ഒരു വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും ആശങ്കപ്പെടുന്നത്.15,16 തീയതികളിലായാണ് ജില്ലാ കലോത്സവം 19നാണെന്ന അറിയിപ്പുകൾ സ്‌കൂളുകൾക്ക് ലഭിച്ചത്.വേണ്ടവിധത്തിൽ പരിപാടി പ്ലാൻ ചെയ്യാനോ പ്രാക്ടീസ് ചെയ്യാനോ ഉള്ള സമയം പോലും ആർക്കും ലഭിച്ചിട്ടില്ല.കഥാരചന, കവിതാ രചന ഉൾപ്പെടെ പന്ത്രണ്ടോളം ഇനങ്ങളിലാണ് മത്സരം. ഇതോടൊപ്പം സർക്കാർ, എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്കായും മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് കുട്ടിയൊന്നിന് 20 രൂപയും സ്വാശ്രയത്തിലെ കുട്ടിക്ക് 100 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.സ്വാശ്രയ സ്‌കൂളൊന്നിന് 25,000 രൂപ നൽകണമെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്.കലോത്സവത്തിനായി കുട്ടികളിൽ നിന്ന് കാശ് പിരിക്കാൻ പാടില്ലെന്ന അറിയിപ്പ് നിലനിൽക്കുമ്പോൾ തന്നെയാണ് വകുപ്പിലെ ഒരു വിഭാഗം ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് അദ്ധ്യാപകരും അദ്ധ്യാപക വിദ്യാർത്ഥികളും ആരോപിക്കുന്നത്. സെപ്തംബർ 5ന് കണ്ണൂര് വച്ചാണ് ടി.ടി.ഐ സംസ്ഥാന കലോത്സവം നടക്കുക. ഓണാവധിക്കിടെ ഇത്തരമൊരു സംസ്ഥാന കലോത്സവം ഏർപ്പെടുത്തുന്നതിൽ ബഹുഭൂരിപക്ഷത്തിനും വിയോജിപ്പുണ്ടെങ്കിലും അക്കാര്യത്തിൽ തീയതി മാറ്റാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. 17 സ്വാശ്രയ ഇൻസ്റ്റിറ്റ്യൂഷൻസ് ഉൾപ്പെടെ 28 ടി.ടി.ഐ പി.പി.ടി.ടി.ഐ കേന്ദ്രങ്ങളാണ് തിരുവനന്തപുരത്തുള്ളത്.