തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ നാല് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. സാമ്പവർ വടകരയിൽ സൂര്യകാന്തിപ്പാടം കാണാൻ പോയ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ വി.ആർ. മിനി, പ്രശാന്ത് ഗോപാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ബിജു എം.ആർ, പേഴ്സണൽ അസിസ്റ്റന്റ് പി. ദീപു, മിനിയുടെ ഭർത്താവ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. സുരേഷിന് തലയ്ക്ക് പരിക്കേറ്റു. മറ്റുള്ളവർക്കും സാരമായ പരിക്കുകളുണ്ട്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് 6.30ഓടെ ചെങ്കോട്ട ആയ്ക്കുടിയിൽ ആയിരുന്നു അപകടം. കാർ നിയന്ത്രണംവിട്ട് റോഡരികിലെ പനയിലിടിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് തെങ്കാശിയിലെ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയശേഷം രാത്രി 11.45ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.