കിളിമാനൂർ: രാത്രികാലങ്ങളിൽ കിളിമാനൂർ എത്തുന്നവർ കൈയിൽ ചൂട്ടോ, ലൈറ്റോ കരുതുന്നതാണ് നല്ലത്. ഇവിടെയുള്ള വഴിവിളക്കുകൾ ഒന്നും കത്താത്തതാണ് കാരണം. സന്ധ്യ കഴിഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകൾ അണഞ്ഞാൽ കിളിമാനൂർ ടൗൺ കുറ്റാക്കൂരിരുട്ടിലാകും. രാത്രി കാലങ്ങളിൽ വിദൂര ദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ജോലി കഴിഞ്ഞു കിളിമാനൂരിൽ എത്തുന്ന നൂറ് കണക്കിന് യാത്രക്കാർ, കഴിഞ്ഞ കുറെക്കാലമായി ഇരുട്ടിൽ തപ്പേണ്ട ദുരവസ്ഥയിലാണ്.
സംസ്ഥാനപാതയും,ദേശീയ പാതയുമായി ബന്ധിക്കുന്ന ആലംകോട് റോഡ് സന്ധിക്കുന്ന കിളിമാനൂർ ജംഗ്ഷനിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെ വന്നതോടെ രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാമൂഹിക വിരുദ്ധർ ഉൾപ്പെടെയുള്ളവരുടെ ആക്രമണ ഭീഷണിയിലാണ്. ഇതുസംബന്ധിച്ച് നാട്ടുകാരും, ടാക്സി ഡ്രൈവർമാരുമൊക്കെ പലവട്ടം അധികൃതർക്ക് പരാതി നൽകിയിരുന്നു. കിളിമാനൂർ ടൗണിനൊപ്പം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണ്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും പ്രകാശിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ലക്ഷങ്ങൾ പോയത് മിച്ചം
ഏഴ് ലക്ഷത്തിലേറെ രൂപ ചെലവിട്ട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും ഇടയ്ക്കിടയ്ക്ക് മാത്രമാണ് പ്രകാശിക്കുന്നത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടൗണിൽ വർഷങ്ങൾക്ക് മുൻപ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയൊക്കെ കഴിഞ്ഞ കുറെക്കാലമായി കത്തുന്നില്ല.
അധികൃതർ തിരിഞ്ഞു നോക്കുന്നില്ല
പന്നിയും ഇഴജന്തുക്കളും വഴിയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.ടൗണിൽ മങ്കാട് - ശില്പാ റോഡിൽ മുഴുവൻ തെരുവ് വിളക്കുകളും കത്താതെ കിടക്കുകയാണ്. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി പ്രതിമാസം 2 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇലക്ട്രിക് സിറ്റി ബോർഡിന് അടയ്ക്കുന്നത്. എന്നാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് അധികൃതർക്ക് യാതൊരു താല്പര്യവും ഇല്ലത്രെ.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു ലൈറ്റ് പോലും പ്രകാശിക്കാത്തതിനാൽ ഇവിടം രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
കിളിമാനൂർ ടൗൺ ഉൾപ്പെടെ പഴയകുന്നുമ്മൽ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.
കെ.രാജേന്ദ്രൻ, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ്