
പൂവാർ: ഒരു കാലത്തും വറ്റാത്ത പൂവാറിന്റെ ശുദ്ധജല സ്രോതസായിരുന്ന ചികിരിയാർ ഇന്ന് കൈയേറ്റവും മാലിന്യ നിക്ഷേപവും കൊണ്ട് നാശത്തിന്റെ വക്കിലാണ്. പൂവാർ ചെറിയപാലം മുതൽ അരുമാനൂർ താമരക്കുളം വരെ നീളുന്നതും അനേകം കൈതോടുകൾ വന്നു ചേരുന്നതുമാണ് ചകിരിയാർ. ചിരിത്രപ്രസിദ്ധമായ എ.വി.എം കനാൽ പൂവാറിലെത്തി നെയ്യാറുമായി സംഗമിച്ചിരുന്നത് ചകിരിയാറിന്റെ സഹായത്താലായിരുന്നു. പൂവാറും സമീപ പ്രദേശങ്ങളും കൃഷിയിലും കയർ വ്യവസായത്തിലും മുന്നേറാൻ കാരണമായതും ചകിരിയാർ തന്നെ. കൂടാതെ തീരത്തെ മത്സ്യത്തൊഴിലാളികൾ അടക്കം കുടിക്കുന്നതിനും കുളിക്കുന്നതിനും ചകിരിയാറിനെ ആശ്രയിച്ചിരുന്നു. എന്നാൽ ചകിരിയാറിന്റെ ഭാഗമെല്ലാം ഇന്ന് കൈയേറ്റക്കാരുടെ കൈകളിലാണെന്നാണ് നാട്ടുകാർ പറയുന്നത്. 50 മീറ്റർ വീതിയുണ്ടായിരുന്ന ചകിരിയാർ ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ല. കൈത്തോടുകൾ പലതും മണ്ണിട്ട് മൂടി. അവിടങ്ങളിൽ നീരൊഴുക്ക് പൂർണ്ണമായും നിന്നു. അവശേഷിക്കുന്നിടങ്ങളെല്ലാം അഴുക്കുചാലായി. ഇന്നാരും കുടിക്കാനോ, കുളിക്കാനോ ചകിരിയാറിലെ വെള്ളം ഉപയോഗിക്കുന്നില്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയുന്നത് ഇവിടെയ്ക്കാണ്. പൂവാർ ബസ്റ്റാൻഡിലെ മാലിന്യം പോലും ചകിരിയാറിലേക്ക് ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്.
 ചരിത്രമിങ്ങനെ
നൂറ്റാണ്ടുകൾക്ക് മുമ്പത്തെ 'പോക്കു മൂസാപുരം ' എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ. വിദേശ രാജ്യങ്ങളുമായി പോലും വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിഞ്ഞിരുന്നതായി ചരിത്ര രേഖകളിൽ സൂചിപ്പിക്കുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽനാടുകളുമായി വ്യാപര ബന്ധം സ്ഥാപിക്കുന്നതിന് എ.വി.എം കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും ഉപ്പും നെല്ലും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുന്നതും യഥേഷ്ടം തുടർന്നു. കയറുല്പന്നങ്ങളുടെ നിർമ്മാണത്തിൽ പൂവാർ മേഖല വികസിച്ചു. ജനങ്ങൾ ഇതിനായി ആറ്റിലെ വെള്ളത്തിൽ തൊണ്ട് അഴുകാനിടുന്നതുകൊണ്ടാണ് ചകിരിയാർ എന്ന പേര് ലഭിച്ചത്.