ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ബസുകൾ ഇന്നലെ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെയും വിദ്യാർത്ഥികളേയും വലച്ചു. ഓട്ടോറിക്ഷാ തൊഴിലാളികളുമായുള്ള തർക്കമാണ് മിന്നൽ പണിമുടക്കിന് കാരണം. രാവിലെ 9.30ന് സ്വകാര്യ ബസ് ഡ്രൈവർ രാജേഷിനെ ഗേൾസ് എച്ച്.എസ്.എസിനു സമീപം വച്ച് ഒരു സംഘം ഓട്ടോഡ്രൈവർമാർ മ‌ർദ്ദിച്ചുവെന്നാരോപിച്ച് 10 മണിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ബസിന്റെ ടൈമിന് തൊട്ടുമുൻപ് ഓട്ടോ സ്റ്റാൻഡിൽ എത്തി യാത്രക്കാരെ കയറ്റി പോകുന്നുവെന്നാണ് ബസ് ജീവനക്കാരുടെ പരാതി.

എന്നാൽ യാത്രക്കാർ ഓട്ടം വിളിച്ച് പോയ ഓട്ടോറിക്ഷയെ ബസുകൊണ്ട് തടഞ്ഞ് അസഭ്യം വിളിക്കുകയും ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിക്കുകയുമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികളും തൊഴിലാളികളും ഉച്ചയോടെ തിരിച്ചു മടങ്ങാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.

സ്വകാര്യ ബസ് ജീവനക്കാർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. ആർ.ടി.ഒയുമായി നടന്ന ചർച്ചയിൽ ഓട്ടോകളുടെ പാരലൽ സർവീസിനെക്കുറിച്ച് നിരീക്ഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ ഉറപ്പ് നൽകി. ഉച്ചയ്ക്കു ശേഷമാണ് ചില ബസുകൾ ഓടിത്തുടങ്ങിയത്.

ആഴ്ചകൾക്ക് മുൻപും സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ജനത്തെ വലയ്ക്കുന്ന തരത്തിലുള്ള ഇത്തരം മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്നും തർക്കങ്ങളുണ്ടായാൽ അത് നിയമപരമായി പരിഹരിക്കണമെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. യാത്രക്കാരെ വലയ്ക്കുന്ന ഇത്തരം പണിമുടക്കിനെതിരെ ഗതാഗത വകുപ്പു മന്ത്രിയും ആർ.ടി.ഒയും നടപടി സ്വീകരിക്കണമെന്ന് കാട്ടി യാത്രക്കാർ നിവേദനം നൽകും.